ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശ വിധി ഏഴംഗ ബെഞ്ചിന് വിടുന്നതിനോട് വിയോജിച്ച് രണ്ട് ജഡ്ജിമാര്‍. ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡൂം നരിമാനും ആണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നു നല്‍കിയ വിധി പുനഃപരിശോധിക്കാനാണു തീരുമാനം. ഇതോടെ യുവതീപ്രവേശത്തിനായി ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ ഹര്‍ജിയില്‍ ആദ്യം മുതല്‍ വീണ്ടും വാദം കേള്‍ക്കും.
read also :ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹർജികളിൽ നിർണായക വിധി പ്രസ്താവിച്ച് സുപ്രീം കോടതി
അതേസമയം, മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചു. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്. അതേസമയം വിശാല ബെഞ്ച് പരിഗണിക്കും വരെ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാക്കില്ല.
യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല. ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്‌സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടു കൊണ്ട് ലിംഗ ഭേദമന്യേ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശിക്കാമോ എന്ന കാര്യത്തില്‍ ഒരൊറ്റ വിധിയാണ് ഇനി വരാന്‍ പോകുന്നത്. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെടുന്ന വിശാലമായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത് എന്നതില്‍ വരാനിരിക്കുന്ന വിധി അതീവപ്രാധാന്യമുള്ളതാണ്.
Post Your Comments