ബംഗളൂരു: കര്‍ണാടകയില്‍ രാജിവച്ച 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും നാളെ ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയ പതിനേഴ് കോണ്‍ഗ്രസ്, ജനതാ ദള്‍ എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുപ്രീംകോടതി വിധിയോടെ സാഹചര്യം ഒരുങ്ങിയ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ഈ നീക്കം.നേരത്തേ, കര്‍ണാടകയില്‍ വിമതനീക്കത്തെ തുടര്‍ന്ന് രാജിവച്ച 17 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി അംഗീകരിച്ചിരുന്നു.
എന്നാല്‍, അയോഗ്യത അംഗീകരിച്ചെങ്കിലും എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന വിധിയും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് കോൺഗ്രസിനും ജെഡിഎസിനും തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ, അയോഗ്യരായെങ്കിലും എംഎല്‍എമാര്‍ക്ക് ആശ്വാസമാണ് ഈ വിധി. നിയമസഭയുടെ കാലാവധി കഴിയും വരും അയോഗ്യത നിലനില്‍ക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. രാജിയും അയോഗ്യതയും തമ്മില്‍ ബന്ധമില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ആസന്നമായ ഉപതെരഞ്ഞെടുപ്പില്‍ അയോഗ്യരായ എംഎല്‍എമാര്‍ക്ക് മത്സരിക്കാം.
ഇതോടെ യെദിയൂരപ്പ സര്‍ക്കാരും കൂടുതല്‍ ശക്തരാവുകയാണ്. സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരേ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരായ 17 എം.എല്‍.എ.മാര്‍ നല്കിയ ഹര്‍ജിയിലാണു സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എന്‍.വി. രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് വിധിപറഞ്ഞത്. എംഎല്‍എമാരുടെ രാജി സ്വമേധയാ ആണോയെന്നു പരിശോധിക്കുക മാത്രമാണ് സ്പീക്കര്‍ ചെയ്യേണ്ടത്. അങ്ങനെയാണെന്നു ബോധ്യപ്പെട്ടാല്‍ രാജി സ്വീകരിക്കുക തന്നെ വേണം.
രാജി ആയാലും അയോഗ്യത ആയാലും പത്താം ഷെഡ്യൂള്‍ പ്രകാരം മണ്ഡലത്തില്‍ ഒഴിവു വരികയാണെന്ന്, അയോഗ്യരാക്കപ്പെട്ടവരെ വീണ്ടും മത്സരിക്കാന്‍ അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.അതേസമയം, കോണ്‍ഗ്രസ് ജെ.ഡി.എസ്. സര്‍ക്കാരിന്റെ വീഴ്ചയ്ക്കു കാരണമായ വിമതനീക്കം നടത്തിയതിനാണ് എം.എല്‍.എ.മാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വീണതോടെ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെപി. സര്‍ക്കാര്‍ അധികാരത്തില്‍വന്നു
Post Your Comments