ന്യൂ ഡൽഹി : ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാകാശ നിയമ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ വിധിയിൽ യോജിച്ചപ്പോൾ, രണ്ട് അംഗങ്ങള്‍ വിയോജിച്ചു.
സുതാര്യത പൊതു സമൂഹം ആഗ്രഹിക്കുന്നുവെന്നും, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പൊതു അതോറിറ്റിയെന്നും വിധിയിൽ പറയുന്നു. ജഡ്ജിമാരുടെ സ്വകാര്യത പരിഗണിച്ച് ചില പരിരക്ഷ നല്‍കണം. സ്വകാര്യതയും രഹസ്യാത്മകതയും സുപ്രധാന ഘടകങ്ങള്‍ തന്നെയാണ്. വിവരങ്ങള്‍ പുറത്തേക്ക് കൊടുക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ അത് പാലിക്കണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് സുതാര്യത സഹായിക്കും. സുതാര്യതയുടെ പേരില്‍ ഒരിക്കലും സ്വാതന്ത്ര്യത്തെയും സ്വകാര്യതയ്ക്കുള്ള അവകാശത്തേയും നശിപ്പിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസ് എന്‍.വി രമണ്ണ, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ദീപക് ഗുപ്ത, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരുടെ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ പൊതുവായ വിധിയും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് എന്‍.വി രമണ്ണ എന്നിവര്‍ വ്യത്യസ്തമായ രണ്ട് വിധികളുമാണ് പറഞ്ഞത്.
സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകനായ ഒരു അഭിഭാഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് രവീന്ദ്ര ഭട്ട് അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതി ഭരണവിഭാഗമാണ് 2010ല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു
Also read : ശബരിമല യുവതി പ്രവേശനം; പുനപരിശോധന ഹർജികളിൽ നാളെ സുപ്രീംകോടതി വിധി
വിധിയുടെ അടിസ്ഥാനത്തിൽ ഇനി മുതൽ ചീഫ് ജസ്റ്റീസിന്റെ ഓഫീസിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ള ജഡ്ജിമാരുടെ ആസ്തി ബാധ്യത വിവരങ്ങള്‍ പൗരന്മാര്‍ക്ക് അറിയാന്‍ സാധിക്കും. നീതിന്യായ രംഗത്തെ നിയമനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളും, കൊളീജിയത്തില്‍ എടുത്തുന്ന ജഡ്ജിമാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും സംബന്ധിച്ച വിവരങ്ങളും പൊതുസമൂഹത്തിന് ലഭിക്കും.
Post Your Comments