Latest NewsKeralaNews

വീട്ടുകാര്‍ ടിവി കാണുന്നതിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കാറില്‍ രക്ഷപ്പെട്ടു : യുവാവിനെ കണ്ടെ ത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

കുണ്ടറ: വീട്ടുകാര്‍ ടിവി കാണുന്നതിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കാറില്‍ രക്ഷപ്പെട്ടു .യുവാവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.കൊല്ലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുളവന കശുവണ്ടി ഫാക്ടറി ജംക്ഷന്‍ ചരുവിള പുത്തന്‍വീട്ടില്‍ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകള്‍ കൃതി മോഹന്‍ (25) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൊല്ലം കോളജ് ജംക്ഷന്‍ എംആര്‍എ 12 ബി ദേവിപ്രിയയില്‍ വൈശാഖ് ബൈജു (28) കാറില്‍ രക്ഷപ്പെട്ടു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കൃതി മോഹന്‍ നാലു വര്‍ഷം മുന്‍പു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതില്‍ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭര്‍ത്താവുമായി പിണങ്ങി വിവാഹബന്ധം വേര്‍പെടുത്തി.
കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. ഗള്‍ഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.

ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരില്‍ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുന്‍പു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നല്‍കിയില്ല.

ഇതിന്റെ പേരില്‍ ഇരുവരും പിണങ്ങി. വീട്ടില്‍ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി.

വീട്ടുകാര്‍ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകില്‍ തട്ടി ആഹാരം കഴിക്കാന്‍ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടര്‍ന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു.

ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലില്‍ നിന്നും എടുത്തപ്പോള്‍ വീട്ടുകാര്‍ക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയില്‍ കിടത്തി മുറ്റത്തേക്കിറങ്ങി.

ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ മോഹനന്‍ വണ്ടിയുടെ മുന്നില്‍ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തില്‍ വണ്ടി മുന്നോട്ട് എടുത്തപ്പോള്‍ ഭയന്നു മാറി. തുടര്‍ന്നു വൈശാഖ് അമിത വേഗത്തില്‍ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാര്‍ കുണ്ടറ പൊലീസില്‍ വിവരമറിയിച്ചു.

പൊലീസും വാര്‍ഡ് മെമ്ബര്‍ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി. വൈശാഖ് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ സ്റ്റേഷനുകളിലും വിവരമറിയിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button