തിരൂര്‍: മലപ്പുറത്ത് ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ ആണ് ആനകൾക്ക് നിയന്ത്രണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യാത്ത ആനകളെ ഉള്‍പ്പെടുത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആനകളുടെ പാപ്പാന്മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഉത്സവം നടക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നെള്ളിക്കുവാനുള്ള അപേക്ഷ 30 ദിവസം മുന്‍പ് തന്നെ സമര്‍പ്പിച്ചിരിക്കണം. അഞ്ചില്‍ കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവക്കമ്മിറ്റിക്കാര്‍ 25 ലക്ഷത്തില്‍ കുറയാതെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സും എലിഫന്റ് സ്‌ക്വാഡിന് നല്‍കാനായി 3000 രൂപ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അടച്ച് രസീതും കൈപ്പറ്റണം. ഉത്സവങ്ങള്‍ നടത്തുന്നതിനുള്ള അപേക്ഷ മൂന്ന് ദിവസത്തിന് മുന്‍പ് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയില്‍ സമര്‍പ്പിക്കണം.
ഉത്സവം നടത്തുന്നതിനുള്ള അപേക്ഷ പോലീസ് സ്റ്റേഷനില്‍ ലഭിക്കുമ്പോള്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തില്‍ വ്യക്തമാക്കി.
Post Your Comments