മുംബൈ : ശാന്തൻപാറയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിന്റെ കൊലപാതകത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കുമെന്നു സൂചന. ശനിയാഴ്ച ഉച്ചയ്ക്ക് കേസിൽ ഒന്നാം പ്രതിയായ ഫാം ഹൗസ് മാനേജർ വസീമിനെയും(32), റിജോഷിന്റെ ഭാര്യ ലിജിയെയും(29) ശനിയാഴ്ച വിഷം ഉള്ളിൽ ചെന്നു ഗുരുതരാവസ്ഥയിൽ മുംബൈ പൻവേലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇളയ മകൾ ജൊവാന(2)യെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. വസീമിന്റെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടാൽ ലിജിയുടെയും, വസീമിന്റെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ജൊവാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യുമെന്നു പോലീസ് വ്യക്തമാക്കി.
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനു വസീമിന്റെ സഹോദരൻ ഫഹാദിനെ (25) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ശേഷം കോടതിയിൽ ഹാജരാക്കിയ ഫഹാദിനെ റിമാൻഡ് ചെയ്തു. വസീമിന്റെ വാട്സാപ് സന്ദേശം പിന്തുടർന്നാണ് അന്വേഷണ സംഘം പൻവേലിൽ എത്തിയത്. ശാന്തൻപാറ പുത്തടിയിൽ പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരൻ റിജോഷിനെ ഒക്ടോബർ 31 നാണുകാണാതായത്. തുടർന്നു നവംബർ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടത്തൽ. 11 വർഷം മുൻപ് പ്രണയിച്ചു വിവാഹം ചെയ്തവരാണ് റിജോഷും,ലിജിയും. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ് ലിജി ഫാമിലെ ഏലത്തോട്ടത്തിലും ജോലിക്ക് പോയിത്തുടങ്ങി. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായും, ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്. വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. മക്കൾക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും റിജോഷിന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ ഇല്ല. ഒക്ടോബർ 31ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കുകയായിരുന്നു.
Post Your Comments