ന്യൂഡൽഹി: കർതാർപുർ ഇടനാഴി ഇന്ത്യ-പാകിസ്ഥാൻ സമാധാന ചർച്ചകളിലേക്ക് നയിക്കണമെന്ന് അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ വ്യക്തമാക്കി. കശ്മീരിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും ബാദൽ പറഞ്ഞു. നിന്ന് ബാദലിനു പുറമെ കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ഹർസിമ്രത്ത് കൗർ ബാദൽ എന്നിവരും കർതാർപുരിൽ എത്തിയിരുന്നു.
പാകിസ്ഥാനിലെ ഉദ്ഘാടനത്തിൽ ഇന്ത്യയിൽ നിന്ന് നവജോത് സിംഗ് സിദ്ദുവാണ് സംസാരിച്ചത്. ഇമ്രാൻ ഖാനെ സിദ്ദു പുകഴ്ത്തിയത് ശ്രദ്ധേയമായി. എന്നാൽ കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് തൊട്ടുതലേന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നടത്തിയ പ്രസ്താവന കല്ലുകടിയായിരുന്നു. കശ്മീരിൽ ഇന്ത്യ കടന്നുകയറ്റം നടത്തിയെന്ന് ആരോപിച്ച ഖുറേഷി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി വിമർശിച്ചു. കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിനെത്തിയ ഇന്ത്യൻ മാധ്യമസംഘവുമായി പാകിസ്ഥാനിലെ പഞ്ചാബ് ഗവർണ്ണർ മൊഹമ്മദ് സർവർ നടത്തിയ കൂടിക്കാഴ്ചയിലേക്കാണ് അപ്രതീക്ഷിതമായി ഷാ മഹമൂദ് ഖുറേഷി എത്തിയത്.
കർതാർപൂർ സമാധാനത്തിൻറെ സന്ദേശമെന്ന് കഴിഞ്ഞ രണ്ടു ദിവസമായി പാകിസ്ഥാൻ പറയുകയായിരുന്നു. പിന്നീട് ഇടനാഴിയെക്കാൾ കൂടുതൽ ഖുറേഷി സംസാരിച്ചത് കശ്മീരിനെക്കുറിച്ചാണ്. ഇത് കശ്മീർ ഉന്നയിക്കാനുള്ള സമയമാണോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ഖുറേഷി നിലപാടു മാറ്റിയില്ല.
Post Your Comments