തൊടുപുഴ: ഇരുചക്രവാഹനത്തിൽ എത്തി മാല പൊട്ടിച്ചു കടന്നു കളയുന്ന മോഷണ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു പൊലീസ്. കഴിഞ്ഞദിവസം രാവിലെ അരിക്കുഴ–പാറക്കടവ് റോഡിൽ മാല മോഷണത്തിന് ഇരയായ പാറക്കടവ് നടുത്തൊട്ടിയിൽ അനിത രാജു മോഷ്ടാക്കളെ ചെറുക്കുന്നതിനിടെ റോഡിൽ തലയിടിച്ചു വീഴുകയും തുടർന്ന് അനിതയുടെ വലതു കാലിന് മുകളിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തനിച്ചു നടന്നുപോകുന്ന സ്ത്രീകളെയാണു പ്രധാനമായും മോഷ്ടാക്കൾ ലക്ഷ്യമിടുന്നത്. രാവിലെയും വൈകുന്നേരവും സ്ഥിരമായി യാത്ര നടത്തുന്ന സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കുന്നത് കുറയ്‌ക്കണമെന്നും നിർദേശമുണ്ട്.
ഒരു വർഷം പണിതാലും എന്നെക്കൊണ്ട് അതുപോലൊരു മാല വാങ്ങാൻ ആകില്ലെന്നാണ് അനിത പറയുന്നത്. തൊടുപുഴയിൽ ചെറിയ ജോലി ചെയ്താണ് കുടുംബം നോക്കുന്നത്. രാവിലെ ബസ് കയറാൻ അരിക്കുഴ മഠം ജംക്‌ഷനിലേക്ക് നടന്നു പോകുകയായിരുന്നു. കുറച്ചു ചെന്നപ്പോഴാണു സ്കൂട്ടറിൽ എത്തിയ രണ്ടുപേരിൽ പിന്നിലിരുന്ന ആൾ എന്റെ കഴുത്തിലെ മാലയിൽ പിടിച്ചു വലിച്ചത്. മാലയിൽ ഞാൻ മുറുകെ പിടിച്ചെങ്കിലും അയാൾ മാല വലിച്ചു പൊട്ടിച്ചെടുത്തു.മോഷ്ടാവ് തള്ളിയപ്പോൾ റോഡിൽ തലയിടിച്ചു വീഴുകയും കാലിൽ കാറിന്റെ ടയർ കയറിയിറങ്ങുകയുമായിരുന്നു. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോഴും ആകെയുള്ള ഈ ഒരു സ്വർണമാല പണയം വയ്ക്കാതെ വരികയായിരുന്നുവെന്നും ഇവർ പറയുന്നു.
Post Your Comments