മലയാളികള്‍ക്ക് ഏറെ സുപരിചതനായിരുന്ന ലാല്‍സണ്‍ പോള്‍ വിടവാങ്ങിയിട്ട് രണ്ട് ദിവസങ്ങളായി. ലാല്‍സണിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും സുഹൃത്തുക്കള്‍ ഇതുവരെ മോചിതരായിട്ടില്ല. ലാല്‍സന്‍ പകര്‍ന്നു നല്‍കിയ വേദന ഹൃദയങ്ങളിലേക്ക് പടര്‍ന്നു കയറുമ്പോള്‍ അദ്ദേഹം ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ നൊമ്പരമായി മാറുകയാണ്. ‘ഒടുവിലെ യാത്രയ്ക്കായിന്ന് പ്രിയ ജനമേ ഞാന്‍ പോകുന്നു’ എന്ന ലാല്‍സന്റെ ഗാനം കണ്ണീരോടെ മാത്രമേ കാണാന്‍ കഴിയൂ..
https://www.facebook.com/theerdha.ambily/videos/453189102068786/?t=28
തൊണ്ടയില്‍ ഉണ്ടായ കാന്‍സറിനെ തുടര്‍ന്നാണ് ലാല്‍സണ്‍ മരണത്തിന് കീഴടങ്ങിയത്. കാന്‍സര്‍ രോഗികള്‍ക്ക് എന്നും കരുത്തു പകര്‍ന്നയാളാണ് ലാല്‍സണ്‍. ക്യാന്‍സറിന്റെ പിടിയിലും ആത്മവിശ്വാസത്തോടെ പോരാടിയ മാതൃകാ യുവത്വമാണ് ഇതോടെ വിടപറഞ്ഞത്. ലാല്‍സന്റെ മരണവാര്‍ത്ത പങ്കുവെച്ചത് നന്ദു മഹാദേവയാണ്.
https://www.facebook.com/nandussmahadeva/posts/2581375465278248
രണ്ട് വര്‍ഷക്കാലമായി ക്യാന്‍സര്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു ലാല്‍സന്‍. അസാധാരണ പോരാട്ടമാണ് അദ്ദേഹം രോഗത്തിനോട് നടത്തിയത്. ചികിത്സയുടെ വിവരങ്ങളെല്ലാം ഫെയ്‌സ്ബുക്കിലൂടെ പലപ്പോഴും ലാല്‍സണ്‍ പങ്കുവയ്ക്കുമായിരുന്നു.
കഴിഞ്ഞ കുറേനാളായി ഉമിനീരു പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ലാല്‍സണ്‍. വയറില്‍ക്കൂടി ട്യൂബ് ഇട്ട് അതുവഴി ഭക്ഷണം നല്‍കുകയായിരുന്നു. മരണത്തിന് രണ്ടു ദിവസം മുന്‍പ് ഈ ട്യൂബ് വയറിനുള്ളില്‍ പോയിരുന്നു. ശസ്ത്രക്രിയ ചെയ്തു ട്യൂബ് പുറത്തെടുക്കാമെന്ന് ഡോക്ടര്‍മാര്‍ ആദ്യം തീരുമാനിച്ചെങ്കിലും ശരീരം ശസ്ത്രക്രിയ താങ്ങില്ലെന്ന ഉറപ്പുള്ളതിനാല്‍ സ്വാഭാവിക പ്രക്രിയയിലൂടെ മോഷനില്‍ക്കൂടി പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. വിടവാങ്ങുന്നതിന്റെ അന്ന് രാവിലെ ലാല്‍സണ്‍ ഇട്ട പോസ്റ്റില്‍ ട്യൂബ് പുറത്തെത്തിയ സന്തോഷവും അറിയിച്ചിരുന്നു. ‘
ദൈവത്തിന്റെ വലിയ കാരുണ്യം വയറിനുള്ളില്‍ പോയ ട്യൂബ് ഏകദേശം പത്തു മിനിറ്റ് മുന്‍പ് പുറത്തു വന്നു.ഒഴിഞ്ഞു പോയത് വലിയ ഒരു സര്‍ജ്ജറി ആണ് ഏകദേശം ഒമ്പതു സര്‍ജ്ജറി ഈ വര്‍ഷം തന്നെ നടന്ന എന്റെ ശരീരം ഇനി ഒരു സര്‍ജ്ജറി കൂടി താങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു പക്ഷെ ഈ ട്യൂബ് ഇങ്ങനെ പുറത്തു വന്നില്ലെങ്കില്‍ സര്‍ജ്ജറി അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി. എല്ലാറ്റിലും ഉപരി സര്‍വശക്തന്‍ ദൈവത്തിനോട് നന്ദി നന്ദി നന്ദി. ജീവിതം പൊരുതി നേടാന്‍ ഉള്ളതാണെങ്കില്‍ പൊരുതി നേടുക തന്നെ ചെയ്യും’- അവസാനമായി കൊച്ചി ലേക്ഷോര്‍ ഹോസ്പിറ്റലില്‍ നിന്ന് ലാല്‍സണ്‍ കുറിച്ചതിങ്ങനെയായിരുന്നു.
ബഹ്‌റൈനിലെ മുന്‍ പ്രവാസി ത്യശൂര്‍ പുള്ള് സ്വദേശി ലാല്‍സന്റെ വിയോഗം പ്രവാസികളെയും ദു:ഖത്തിലാക്കിയിരിക്കുകയാണ്. അര്‍ബുദത്തെ ധീരമായി നേരിട്ട ലാല്‍സന്റെ നിശ്ചയദാര്‍ഢ്യവും ആത്മബലവും പ്രവാസികള്‍ക്കെന്നും അത്ഭുതമായിരുന്നു. ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിച്ച കാലത്ത് അവശതയനുഭവിക്കുന്ന അപരര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ലാല്‍സണ്‍. ജീവകാരുണ്യ രംഗത്തും കലാസാംസ്‌കാരിക രംഗങ്ങളിലും ലാല്‍സണ്‍ ഉണ്ടായിരുന്നു. ബഹ്‌റൈനിലെ ഐ.വൈ.സി.സി എന്ന യുവജന സംഘടനയിലൂടെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ലാല്‍സണ്‍. എന്നാല്‍ ലാല്‍സന് ജീവിതം തിരിച്ചു പിടിക്കുവാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ഥനകളോടെ കൂടെ നിന്ന പ്രവാസികള്‍ക്കും വിയോഗ വാര്‍ത്ത നൊമ്പരമായി.
ഒരുപാട് സൗഹൃദങ്ങള്‍ക്ക് ഉടമായായിരുന്നു ലാല്‍സന്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവധി ആഘോഷിക്കാന്‍ കുടുംബവുമായി നാട്ടില്‍ പോയപ്പോഴായിരുന്നു കഴുത്തില്‍ ഉണ്ടായിരുന്ന തടിപ്പ് ഡോക്ടറെ കണ്ടു പരിശോധിപ്പിച്ചത്. പരിശോധനയില്‍ അര്‍ബുദമെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് അവധി നീട്ടി ചികിത്സ തുടങ്ങി. നിഴലുപോലെ കൂടെ നിന്ന് ഭാര്യ സ്റ്റെഫിയുടെ പരിചരണവും ചികിത്സയും അത്ഭുതപ്പെടുത്തുന്ന മനകരുത്തും കൂടി ആയപ്പോള്‍ ലാല്‍സണ്‍ തന്റെ ജീവിതം തിരിച്ചു പിടിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഒരുവര്‍ഷം തിരുവനന്രപുരം ആര്‍ സി സിയിലെ ചികിത്സയായിരുന്നു. നാല് മാസങ്ങള്‍ക്ക് ശേഷം 10 ദിവസത്തേക്ക് ജോലിസംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി വീണ്ടും ബഹ്‌റൈനിലേയ്ക്ക് മടങ്ങിയ ലാല്‍സണ്‍ ‘കാന്‍സര്‍ എന്നാ മാറാരോഗത്തെ എങ്ങനെ നേരിടാം എന്നും, കേരളത്തില്‍ കിട്ടാവുന്ന കാന്‍സര്‍ ചികിത്സയെ കുറിച്ചും ബഹ്റൈനില്‍ ക്ലാസ്സുമെടുത്തു.
‘ ഞാന്‍ പഴയ ലാല്‍സണായി തിരകെയെത്തുമെന്ന്’ ചിരിച്ചു കൊണ്ട് പറഞ്ഞ് അന്ന് നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. നാട്ടിലെത്തി ചികിത്സ തുടര്‍ന്നു. എന്നാല്‍ ദിവസങ്ങള്‍ കൊണ്ട് ലാല്‍സന്റെ ആരോഗ്യം വളരെ മോശമായ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാന്‍സര്‍രോഗ വിദഗ്ധന്‍ ഗംഗാധരന്‍ ഡോക്ടറേ സമീപിക്കുകയും, വിവിധ പരിശോധനകള്‍ നടത്തുകയും ചെയ്തപ്പോഴാണ് മുന്‍പ് നടത്തിയ റേഡിയേഷന്റ കാഠിന്യം കൊണ്ട് അന്നനാളം കരിഞ്ഞിരിക്കുന്നുവെന്ന് മനസിലായത്. വായില്‍ കൂടി മരുന്ന് കഴിക്കാനോ, വെള്ളം ഇറക്കാനോ കഴിയാത്ത അവസ്ഥ.
തുടര്‍ന്ന് ഒരു വര്‍ഷത്തോളം മരുന്നും ലായനിയായി അരച്ച ആഹാരവും വയറ്റിനുള്ളില്‍ കൂടി ദ്വാരം ഉണ്ടാക്കി ട്യൂബില്‍ കൂടിയാണ് നല്‍കിയത്. എന്നാല്‍ താന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ഉത്തമവിശ്വാസം തന്നെ ലാല്‍സന് ഉണ്ടായിരുന്നു. അതേ വിശ്വാസം കൂടെ നിന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അദ്ദേഹം പകര്‍ന്നു നല്‍കിയിരുന്നു. വിയോഗമറിഞ്ഞ ഒട്ടേറെ പേരാണ് ലാല്‍സണ്‍ എന്ന കരുത്തനായ പോരാളിയെ കുറിച്ച് കുറിപ്പുകള്‍ പങ്കുവച്ചത്. വിടവാങ്ങിയ ലാല്‍സനോട് പറയാനുള്ളത് ഇതുമാത്രം. നിങ്ങള്‍ ഒരിക്കലും തോറ്റിട്ടില്ല, ഇനി തോല്‍ക്കുകയുമില്ല. തികഞ്ഞൊരു പോരാളി തന്നെയാണ് നിങ്ങള്‍. അര്‍ബുദത്തോടു പൊരുതുന്ന അനേകം പേരെ പ്രചോദിപ്പിച്ചവന്‍, ആയിരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയവന്‍… നിങ്ങളെ എന്നും ഈ മനസ്സുകളില്‍ നിറപുഞ്ചിരിയോടെ ജീവിക്കും.
Post Your Comments