Latest NewsIndia

വിധി പ്രസ്താവിക്കുന്ന അഞ്ച് ജഡ്‌ജിമാരുടെ സുരക്ഷ ശക്തമാക്കി

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ഇന്ന് രാവിലെ 10.30ന് വിധി പ്രസ്താവിക്കാനിരിക്കെ, വിധി പറയുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കി. ചീഫ് ജസ്റ്റിസ്, രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് വിധി പ്രസ്താവിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിധികളിലൊന്ന് എന്നാണ് ജസ്റ്റിസ് എസ് എ ബോബ്ഡെ നേരത്തെ വിശേഷിപ്പിച്ചത്.

ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ സുരക്ഷ ഇസഡ് കാറ്റഗറിയിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. കോടതി അവധിയായ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് വിധി പ്രസ്താവിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നത സുരക്ഷയാണ് ഇസെഡ് കാറ്റഗറി. സിഎപിഎഫ്, സിആര്‍പിഎഫ് എന്നിവരാണ് സുരക്ഷ നല്‍കുക. വെള്ളിയാഴ്ച രാവിലെ യുപി ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാര്‍ തിവാരി, പോലീസ് ഡയറക്ടര്‍ ജനറല്‍ ഓം പ്രകാശ് സിംഗ് എന്നിവരുമായി ഗോഗോയ് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു.

അയോദ്ധ്യ വിധി: മാധ്യമപ്രവര്‍ത്തകരെ സുപ്രീംകോടതിയിലേക്ക് കടത്തിവിടുന്നു

അയോധ്യയില്‍ മള്‍ട്ടി ലെയര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി അര്‍ധസൈനീക വഭാഗത്തിന്റെ 60 കമ്പനികളെയാണ് അയോധ്യയില്‍ വിന്യസിച്ചിരിക്കുന്നത്. വിധിക്ക് മുന്നോടിയായി സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിക്കും. അതേസമയം അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button