കൊച്ചി: അയോധ്യ വിധിയുമായി ബന്ധപ്പെട്ട് മതത്തിന്റെ പേരിൽ ശത്രുത വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ച മലയാളി സമൂഹ മാധ്യമ കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെതിരെ കേസെടുത്തു. റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെതിരെ കൊച്ചി സിറ്റി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153(എ), 505(ബി) കേരളാ പോലീസ് ആക്ടിലെ 120(ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാല്‍ ഗ്രൂപ്പിനെതിരേ കേസെടുത്തതായി കൊച്ചി സെന്‍ട്രല്‍ പോലീസ് സ്ഥിരീകരിച്ചു. നടപടികള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് വ്യക്തമാക്കി.
അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതെങ്കിലും വിഭാഗത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രകടനങ്ങള്‍ നടത്തുന്നതും വിധിയുടെ പേരില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും വിലക്കി എറണാകുളം ഡെപ്യൂട്ടി കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്.
Post Your Comments