തിരുവനന്തപുരം: അയോധ്യാ കേസില്‍ ഇന്ന് വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പൊലീസ്. കേരളത്തിന്റെ അതിര്‍ത്തികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കി.
അയോധ്യ വിധി വരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ചന്ദേര, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പോലീസ് സ്റ്റേഷന് പരിധികളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 11 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി പ്രോസിക്യൂഷന് നടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പൊലീസിന്റെ നിര്‍ദേശങ്ങള്‍
1. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന് നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്കി.
2. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുന്നതാണ്.
ALSO READ: അയോദ്ധ്യ വിധി: കർശന നിർദ്ദേശങ്ങളുമായി സർക്കാർ
3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.
Post Your Comments