
മറയൂര്‍: മരിച്ച ജീവനക്കാരനെ സ്ഥിരപ്പെടുത്തി വനം വകുപ്പിന്റെ ഉത്തരവ്. മൂന്നാര്‍ ഡിവിഷനില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ താത്കാലിക വാച്ചറായിരുന്ന നാഗരാജ്(46)നെയാണ് സ്ഥിരപ്പെടുത്തിക്കൊണ്ട് വനം വകുപ്പ് ഉത്തരവിറക്കിയത്. നാഗരാജ് മരിച്ചതിന്റെ 325ാം ദിവസമാണ് ഉത്തരവ് വരുന്നത്.കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ 2018 ഡിസംബര്‍ 14 ന് നാഗരാജ് മരിച്ചു.
ജീവിച്ചിരിപ്പില്ലാത്ത ജീവനക്കാരനെ സ്ഥിരപ്പെടുത്തി അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.ചിന്നാര്‍ വന്യജീവി സങ്കേതിത്തിനുള്ളില്‍ ചുങ്കം ഔട്ട് പോസ്റ്റില്‍ നിന്ന് ജോലി ചെയ്ത് മടങ്ങവെയാണ് കാട്ടനയുടെ ആക്രമണത്തില്‍ നാഗരാജിന് പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2013ല്‍ 234 വാച്ചര്‍മാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ അര്‍ഹതയുണ്ടായിട്ടും നാഗരാജ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. അന്ന് ഇറക്കിയ ഉത്തരവില്‍ ഉള്‍പ്പെടാതെ വന്ന അര്‍ഹതയുള്ള 35 പേരെ സ്ഥിരപ്പെടുത്തിയാണ് ഈ മാസം 3ന് വീണ്ടും സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Post Your Comments