ദുബായ് : യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. ശനി മുതൽ ചൊവ്വ വരെ നാല് ദിവസം യുഎഇയുടെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കൻ എമിറേറ്റുകളിലും തീരദേശ മേഖലകളിലും ശക്തമായ ഇടിമിന്നലോട് കൂടി മഴപെയ്തേക്കും. താമസക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും, ജലാശയങ്ങൾ, വാദികൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒമാനിലും മഴയ്ക്കു സാധ്യതയുണ്ടെന്നും ആകാശം മേഘാവൃതമാണെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം യുഎഇയുടെ കിഴക്കൻ മേഖലകളിലും ഒമാനിലും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത. മൂടൽ മഞ്ഞും പ്രതീക്ഷിക്കാം. 7 അടി വരെ ഉയരത്തിൽ തിരകൾ രൂപം കൊള്ളുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും, ഒറ്റയ്ക്കു കടലിൽ ഇറങ്ങുകയോ വിജന തീരങ്ങളിൽ പോകുകയോ ചെയ്യരുതെന്നും ദുബായ് പൊലീസ് മുന്നറിയിപ്പു നൽകി. മൂടൽഞ്ഞിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതോടൊപ്പം തന്നെ മഹ ചുഴലിക്കാറ്റ് അറേബ്യൻ മേഖലയ്ക്കു ഭീഷണിയാകില്ലെന്നാണു റിപ്പോർട്ട്.
Post Your Comments