ചെന്നൈ: ചില്ലുപൊടി നൈലോണ്‍ ചരടില്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന പ്രത്യേക തരം നൂല് (മാഞ്ചാ നൂല് ) കഴുത്തില്‍ കുരുങ്ങി പിതാവിനൊപ്പം ബൈക്കിന് മുന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റാണ് കുട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചെന്നൈയില്‍ മാത്രം 10 മഞ്ചാ നൂല് അപകട മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. എതിരാളിയുടെ പട്ടച്ചരട് വായുവില്‍ വച്ചുതന്നെ അറുത്ത് മുറിക്കാന്‍ കഴിയും എന്നതിനാല്‍ പട്ടം പറത്തല്‍ മത്സരങ്ങളില്‍ ഇവ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്.
ഇരകളാകുന്നവരില്‍ ഏറെയും ബൈക്ക് യാത്രക്കാരാണ്.വെളിച്ചത്തില്‍ പോലും കാണാന്‍ പ്രയാസമാണ് മാഞ്ചാ നൂല്. അതുകൊണ്ടു തന്നെ വേഗത്തിലെത്തുന്ന ബൈക്ക് യാത്രികരുടെ കഴുത്തില്‍ ചരട് കുരുങ്ങി ആഴത്തില്‍ മുറിവുണ്ടായാണ് പലപ്പോഴും മരിക്കുന്നത്. കൈ കാലുകളിലും പരിക്കേറ്റവര്‍ ഏറെ. അപകടങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും മുന്‍നിര്‍ത്തി 207ല്‍ തമിഴ്നാട് സര്‍ക്കാര്‍ മാഞ്ചാ നൂലകളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിരുന്നു.എന്നാല്‍, വില്‍പ്പനയും അപകടങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു.
മൂന്നിരട്ടി വിലയ്ക്ക് ഇവ ഇപ്പോഴും പല കടകളിലും സുലഭമാണ്. ഓണ്‍ലൈന്‍ സൈറ്റുകളിലും മാഞ്ചാ നൂല് വില്‍പ്പന നടക്കുന്നുണ്ട്.വലിഞ്ഞു നില്ക്കുന്ന മാഞ്ചാ നൂലിന് ബ്ലേഡിന്റെ മൂര്‍ച്ച ഉണ്ടാകും. ദേശീയ ഹരിത ട്രൈബ്യൂണലും ഇവ നിരോധിച്ചിരുന്നതാണ്. നിരോധിച്ച മാഞ്ചാ നൂലുകള്‍ ഉപയോഗിക്കുന്നത് തമിഴ്നാട്ടില്‍ ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാണ്.ഇതിന് പിന്നാലെ സിറ്റി പോലീസ് നോര്‍ത്ത് ചെന്നൈയില്‍ വ്യാപക പരിശോധന നടത്തി. പലയിടത്തു നിന്നും നിരോധിച്ച ചൈനീസ് മാഞ്ചാ നൂലുകളും പട്ടങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു.
ഇവ വില്‍പ്പനയ്ക്ക് എത്തിച്ച വ്യാപാരികള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കാശിമേട്, നേതാജി നഗര്‍ എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും.നിയമംലംഘിച്ചാല്‍ ആറുമാസം മുതല്‍ രണ്ടുവര്‍ഷംവരെ തടവാണ് ശിക്ഷ.മാഞ്ചാ നൂല് ഉപയോഗിച്ചുള്ള പട്ടംപറത്തലിന് നേരത്തേത്തന്നെ പോലീസ് നിരോധനമുണ്ട്.
Post Your Comments