കൊച്ചി: കരിക്ക് ചെത്താനും, ചക്കച്ചുള അരിയാനും ഇനി യന്ത്രങ്ങൾ. കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ ഇത്തരം ഒട്ടേറെ അഗ്രി സ്റ്റാർട്ടപ് സംരംഭകരാണ് നൂതന ആശയങ്ങളുമായി എത്തുന്നത്. പ്രകൃതി സൗഹാർദ കെട്ടിട നിർമാണ വസ്തുവായ കോക്കനട്ട് ഫൈബർ സിമന്റ് ബോർഡ് (സിഎഫ്സിബി), പച്ചക്കറി കേട് കൂടാതെ സൂക്ഷിക്കാനുള്ള അപ്സോർബ്ഷൻ ചില്ലേഴ്സ് തുടങ്ങിയവ പുതുമ കൊണ്ട് ശ്രദ്ധപിടിച്ചുപറ്റുന്നു.
താഴെയും മുകളിലും നിരപ്പായ, ബോളിന്റെ ആകൃതിയിൽ കരിക്ക് ചെത്താമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. കരിക്കിന്റെ ഭാരം 40% വരെ കുറയും. വെളുത്ത നിറം നില നിർത്തിയാൽ കടയിൽ മനോഹരമായി ഡിസ്പ്ലേ ചെയ്യാം. വെള്ളാനിക്കര കാർഷിക കോളജ് വികസിപ്പിച്ച സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ് യന്ത്രം നിർമിച്ചത്.
അധികം പഴുക്കാത്ത ചക്ക ഉപയോഗിച്ച് നല്ല നിറത്തോടും രുചിയോടും കൂടി ‘വാക്വം ഫ്രൈഡ് ചിപ്സ്’ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യയും ഇതിനുള്ള വാക്വം ഫ്രൈയിങ് യന്ത്രവും ഇൻക്യുബേറ്ററിൽ വിരിഞ്ഞതിൽ മികച്ചതാണ്. വാക്വം ഫ്രൈ ചെയ്ത ചിപ്സ് കുറഞ്ഞ തോതിലേ എണ്ണ ആഗിരണം ചെയ്യൂ. എണ്ണ 62 തവണ വരെ പുനരുപയോഗിക്കാം. കുറഞ്ഞ താപനിലയിൽ വറുത്തെടുക്കുന്നതു കൊണ്ടാണിത്. അതുപോലെ, വാഴപ്പഴം വറുക്കുമ്പോൾ നിറം മങ്ങുകയും ചെറിയ അരുചി അനുഭവപ്പെടുകുയും ചെയ്യും ഇതിന് അപവാദമാണ് ഈ കേന്ദ്രത്തിൽ വികസിപ്പിച്ച വാക്വം ഫ്രൈഡ് നേന്ത്രപ്പഴം ചിപ്സ്. വാക്വത്തിൽ, അതായത് വായു ഇല്ലാത്ത അവസ്ഥയിൽ, വറുക്കുന്നതിനാൽ ഉൽപന്നത്തിന്റെ നിറം മങ്ങാതെയും രുചിയേറിയതുമാവുന്നു. ഉപരിതലത്തിലെ 90% എണ്ണയും വേർതിരിക്കാമെന്നതാണു മറ്റൊരു സവിശേഷത. 60 തവണ ഉപയോഗിച്ചാലും വറുത്ത എണ്ണയുടെ ഗുണം നഷ്ടമാവില്ല. ചിപ്സ് 6 മാസത്തോളം കേടുകൂടാതെ ഇരിക്കും.
Post Your Comments