
ദുബായ്: ദുബായിൽ കാറിനടിയിൽപ്പെട്ട് ഇന്ത്യക്കാരിയായ നാലു വയസുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ആഫ്രിക്കൻ യുവതി തെറ്റ് സമ്മതിച്ചതായാണ് റിപ്പോർട്ട്. ജബൽ അലി ടൗണിലെ സ്കൂൾ പരിസരത്തുവച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കാറ് പിന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് കാരണമായത് എന്നാണ് പൊലീസ് കസ്റ്റഡിയിയിലുള്ള യുവതി പറഞ്ഞത്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ കുഞ്ഞ് മരിച്ചു. അമ്മയെ എൻഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് പരിശോധിക്കുന്നതിന് ടെക്നിക്കൽ റിപ്പോർട്ടിനും സിസിടിവി ക്യാമറ ദൃശ്യങ്ങൾക്കും കാത്തിരിക്കുകയാണെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷം വാഹനം ഓടിച്ച യുവതിയെ ട്രാഫിക് കോടതിയിലേക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന അമ്മയുടെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
Post Your Comments