ഇന്ത്യയിലേക്ക് സെൽറ്റോസ് എസ്.യു.വി വിപണിയിൽ എത്തിച്ചു കൊണ്ടുള്ള ആദ്യ വരവിൽ തന്നെ വൻ നേട്ടം സ്വന്തമാക്കി കിയ മോട്ടോർസ്. വിപണിയിലെത്തി മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തെ വലിയ കാർ നിർമ്മാതാക്കളിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാൻ കമ്പനിക്ക് സാധിച്ചു. ഹോണ്ട, ടൊയോട്ട, റെനോ, ഫോർഡ്, ഫോക്‌സ്‌വാഗൺ തുടങ്ങിയ കമ്പനികളെ പിന്നിലാക്കിയാണ് കിയ മോട്ടോർസ് ഈ സ്ഥാനം സ്വന്തമാക്കിയത്. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നി കമ്പനികളാണ് കിയക്കു മുന്നിലുള്ള സ്ഥാനങ്ങളിലുള്ളത്.
2019 ഓഗസ്റ്റ് 22നു ആദ്യ കാർ പുറത്തിറങ്ങി രണ്ട് മാസത്തിനകം 26840 എണ്ണം വിറ്റുപോയെന്ന് കിയ മോട്ടോഴ്സ് ഇന്ത്യ അറിയിച്ചു. ഒക്ടോബറിൽ 12,850 യൂണിറ്റായിരുന്നു കിയ സെൽറ്റോസിന്റെ വിൽപ്പന. ഇതിലൂടെ ഇന്ത്യൻ പാസഞ്ചർ കാർ വ്യവസായത്തിൽ നിലവിൽ 4.52 ശതമാനം വിപണി വിഹിതം കിയക്ക് സ്വന്തം. കിയ സെൽറ്റോസിന്റെ വിൽപ്പന ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റിൽ മൊത്തം 6,236 യൂണിറ്റുകൾ വിറ്റപ്പോൾ. സെപ്റ്റംബറിൽ ഇത് 7,754 യൂണിറ്റായി വർദ്ധിച്ചു. കഴിഞ്ഞ മാസം ഇത് 12,850 യൂണിറ്റായി ഉയർന്നു. സെപ്റ്റംബറുമായി വിൽപ്പനയെ താരതമ്യപ്പെടുത്തുമ്പോൾ, 65.72 ശതമാനം വർധനയുണ്ടായി എന്നത് ശ്രദ്ധേയം.
സെൽറ്റോസിന് മാത്രം ഇതുവരെ 60000 ബുക്കിംഗുകൾ വന്നിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശപ്പെടുന്നു. ബുക്കിംഗുകൾ നിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആവശ്യക്കാർക്കെല്ലാം വാഹനം നൽകുമെന്നും കിയ മോട്ടോഴ്സ് അറിയിച്ചു. ആന്ധ്രപ്രദേശിലെ കിയയുടെ നിർമാണ ശാലയ്ക്ക് പ്രതിവർഷം 3 ലക്ഷം യൂണിറ്റുകൾ നിർമ്മിക്കാൻ ശേഷിയുണ്ട്. വർധിച്ച ആവശ്യം പരിഗണിച്ച് ഒരു പുതിയ പ്ലാന്റ് കൂടി തുടങ്ങാനും കിയ പദ്ധതിയിടുന്നുണ്ട്.
Also read : കാത്തിരിപ്പ് ഇനി വേണ്ട : ജാവ പെറാക്ക് ഉടൻ നിരത്തിലേക്ക്
Post Your Comments