ഗുരുവായൂര്‍: സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസുകാരുടെ പോലും വിശ്വസം നേടിയെടുത്ത് ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിപിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി . പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടുന്നതിനിടെ വിപിന്‍ കാര്‍ത്തിക് ട്രെയിനില്‍നിന്നു രേഖകള്‍ ചാലിയാര്‍ പുഴയിലെറിഞ്ഞതായി പൊലീസ് കണ്ടെത്തി.
ലക്ഷ്യം തെറ്റി കരയില്‍ വീണ രേഖകള്‍ ദിവസങ്ങള്‍ക്കു ശേഷം നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടു. മഴയത്തു നനഞ്ഞു കിടന്ന രേഖകള്‍ പൊലീസ് ഉണക്കിയെടുത്ത് പരിശോധിക്കും. ‘വിപിന്‍ കാര്‍ത്തിക് ഐപിഎസ്’ എന്നെഴുതിയ പിച്ചള ബോര്‍ഡും കണ്ടെടുത്തിട്ടുണ്ട്. വിപിന്‍ കാര്‍ത്തിക്കിനെ ഇനിയും പിടികൂടാനായിട്ടില്ല.
മലപ്പുറം ജില്ലയിലെ വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രേഖകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ടെംപിള്‍ എസ്ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് ഇവ ശേഖരിച്ചു.
എന്നാണ് രേഖകള്‍ വലിച്ചെറിയപ്പെട്ടതെന്ന അന്വേഷണത്തിലാണ് പൊലീസ്. നാട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ല. പൊലീസ് വീടു വളഞ്ഞതിനെ തുടര്‍ന്ന് വിപിന്‍ കാര്‍ത്തിക് കഴിഞ്ഞ 27ന് ആണ് രക്ഷപ്പെട്ടത്. അന്ന് അറസ്റ്റിലായ അമ്മ ശ്യാമള വേണുഗോപാലിനെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി.
രണ്ടു ബാങ്കുകളുടെ ശാഖകളിലെത്തിച്ച് വ്യാജരേഖകള്‍ തിരിച്ചറിഞ്ഞു. ശ്യാമളയും വിപിനും വായ്പ തരപ്പെടുത്താന്‍ സമര്‍പ്പിച്ചതാണിവ. ആദ്യം താമസിച്ചിരുന്ന കാരക്കാടെ ഫ്‌ലാറ്റിലും തെളിവെടുപ്പു നടത്തി. വൈകിട്ട് പ്രതിയെ ജയിലധികൃതര്‍ക്കു കൈമാറി. ഗുരുവായൂരിലെ 5 ബാങ്കുകളില്‍ നിന്നുമാത്രം വായ്പയെടുത്ത് 12 കാറുകള്‍ വാങ്ങി 11 എണ്ണവും അമ്മയും മകനും ചേര്‍ന്ന് മറിച്ചുവിറ്റിരുന്നു. എസ്ബിഐ, ഐഒബി അധികൃതര്‍ ഇവര്‍ക്കെതിരെ നേരത്തെതന്നെ പരാതി നല്‍കിയിരുന്നു.
Post Your Comments