ബ്രസീൽ: ആമസോൺ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ വനം കൊള്ളക്കാർ വെടിവച്ച് കൊന്നു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അറ്റിബോയയിൽ വെള്ളിയാഴ്‌ചയാണ് സംഭവം. അക്രമികളെ പിടികൂടിയിട്ടില്ല. പ്രകൃതി ചൂഷണത്തിനെതിരെ പ്രവർത്തിച്ചു വന്ന, ലോബോ എന്ന് വിളിപ്പേരുള്ള ഈ ചെറുപ്പക്കാരന്റെ മരണം വലിയ വിവാദമാണ് ബ്രസീലിൽ ഉണ്ടാക്കിയിരിക്കുന്നത്. ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബൊൽസുനാരോയുടെ ഗോത്ര വിരുദ്ധ പരാമർശങ്ങളാണ് പൗലിനോയുടെ മരണത്തിന് കാരണമെന്നാണ് ഗോത്ര സംഘടന പറയുന്നത്.
വനത്തിൽ അതിക്രമിച്ചു കടന്ന് മരം വെട്ടി കടത്തുന്ന സംഘമാണ് പൗലോ പൗലിനോയെയും മറ്റൊരു ഗോത്രക്കാരനായ ലാർസിയോ ഗുജജാരയെയും ആക്രമിച്ചത്. ലാർസിയോ ഗുജ്ജാരയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉരുപക്ഷവും തമ്മിലുണ്ടായ വെടിവയ്‌പിൽ ഒരു കൊള്ളക്കാരനും കൊല്ലപ്പെട്ടു.
ബ്രസീലിൽ 20,000ത്തോളം ജനസംഖ്യയുള്ള ഗുജജാരാസ് എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു പൗലിനോ. ഇവർ രൂപീകരിച്ച ‘ഗാർഡിയൻസ് ഒഫ് ഫോറസ്റ്റ്’ എന്ന തദ്ദേശീയ വനസംരക്ഷക ഗ്രൂപ്പിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. അപൂർവമായ മരങ്ങളാൽ സമ്പന്നമായ ആമസോൺ വനത്തെ കൊള്ളയടിക്കുന്ന സംഘങ്ങളിൽ നിന്ന് രക്ഷിക്കാൻ 2012ലാണ് ഈ സംഘം രൂപം കൊണ്ടത്. മുപ്പത് വയസ് പിന്നിട്ടിട്ടില്ലാത്ത പൗലോയ്‌ക്ക് ഒരു മകനുണ്ട്. അടുത്തിടെ നടന്ന ആമസോൺ വനനശീകരണത്തിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പൗലിനോയുടെ ഗോത്രവിഭാഗം നടത്തിയത്.
Post Your Comments