ബാലുശ്ശേരി: വീടുകളില്‍ വ്യാപകമായി ‘സിസി’ അടയാളം കണ്ടെത്തിയതിനു പിന്നാലെ അജ്ഞാതന്റെ ആക്രമണം കൂടിയായതോടെ ജനം പരിഭ്രാന്തിയില്‍. കിനാലൂര്‍, ബാലുശേരി ഭാഗത്താണ് ജനങ്ങള്‍ ഭീതിയില്‍ കഴിയുന്നത്. കോട്ട് ധരിച്ചെത്തിയ ആളാണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ കിനാലൂര്‍ എസ്റ്റേറ്റിനു സമീപത്തെ വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്. കുതറി മാറിയ യുവതിയുടെ ബഹളം കേട്ടു നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമി കടന്നുകളഞ്ഞു
പരുക്കേറ്റ യുവതിയുടെ പരാതിയില്‍ പൊലീസ് കേസടുത്തു. മുന്‍പ് ഏഴുകണ്ടിയില്‍ വയോധിക തനിച്ചു താമസിക്കുന്ന വീട്ടിലും അജ്ഞാതന്‍ അതിക്രമം നടത്തി കടന്നുകളഞ്ഞിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് കോട്ട് ധരിച്ചെത്തിയ ആള്‍ മദ്രസയില്‍ പോകുന്ന വിദ്യാര്‍ഥിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. വിദ്യാര്‍ഥി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടിപ്പോയി. ഒരാള്‍ തന്നെയാണോ ഈ സംഭവങ്ങളുടെ എല്ലാം പിന്നിലെന്ന് വ്യക്തമല്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കരുമല ഭാഗത്തെ ഒരു വീട്ടില്‍ ‘സിസി’ അടയാളം കണ്ടെത്തിയിരുന്നു. വീടുകളിലെ സിസി അടയാളം എന്താണെന്ന് വ്യക്തമാക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
യുവതിക്കു നേരെ ആക്രമണം ഉണ്ടായ വീടിന്റെ ചുമരിലും അവ്യക്തമായ എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണു നാട്ടുകാര്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു
Post Your Comments