ന്യൂഡല്‍ഹി: മാവോവാദി അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ പോലും യു.എ.പി.എ. ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍. മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന കേരള ഹൈക്കോടതി വിധി പരാമര്‍ശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശ്യാം ബാലകൃഷ്ണന്‍ കേസിലായിരുന്നു മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന വിധി കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നത്. യു.എ.പി.എ നിയമത്തിലെ 13-ം വകുപ്പ് പ്രകാരം മാവോവാദി അനുഭാവികള്‍ക്കെതിരെ പോലും കേസെടുക്കാന്‍ അനുമതി ഉള്ളപ്പോഴാണ് മാവോയിസം കുറ്റകരമല്ലെന്ന കേരള ഹൈക്കോടതി വിധിയെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
ALSO READ:യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വി.ടി ബല്‍റാം
വയനാട് വെള്ളമുണ്ട സ്വദേശിയും കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ ബാലകൃഷ്ണന്‍ നായരുടെ മകനുമായ ശ്യാം ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു മാവോവാദി ആകുന്നത് കുറ്റകരമല്ലെന്ന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റേതായിരുന്നു വിധി. മാവോവാദി ആണെന്ന കാരണത്താല്‍ അറസ്റ്റ് പാടില്ലെന്നും കുറ്റം ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും അന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മാവോവാദി ആണെന്ന് ആരോപിച്ച് തന്നെ വിവസ്ത്രനാക്കി പരിശോധിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് ശ്യാം ബാലകൃഷ്ണന്‍ ഹര്‍ജി നല്‍കിയത്. ശ്യാം കൃഷ്ണന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു.
തുടര്‍ന്ന് ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അപ്പീല്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിന് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. മാവോവാദി അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്ക് എതിരെ പോലും യു.എ.പി.എ. ചുമത്താന്‍ നിയമം അനുവദിക്കുന്നു എന്ന് വ്യക്തമാക്കി കേരളം ഹര്‍ജി ഫയല്‍ ചെയ്തത് ഓഗസ്റ്റ് അവസാനമായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, സുബാഷ് റെഡ്ഡി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക ഇപ്പോള്‍ ശ്യാം ബാലകൃഷ്ണന് നല്‍കിയാല്‍, സുപ്രീം കോടതിയിലെ കേസില്‍ പോലീസിന് അനുകൂലമായി അന്തിമവിധി ഉണ്ടായാല്‍ ആ നഷ്ടപരിഹാരത്തുക തിരിച്ച് ഈടാക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ച് ആയിരുന്നു സ്റ്റേ. ശ്യാം ബാലകൃഷ്ണന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
Post Your Comments