ന്യൂഡല്‍ഹി: ലോകപ്രശസ്ത ചരിത്ര സ്മാരകമായ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ദിനംപ്രതി നിരവധിയാളുകളാണ് എത്തുന്നത്. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് താജ്മഹലില്‍ കയറിപ്പറ്റിയ ഒരു അതിഥിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മറ്റാരുമല്ല, വലിയൊരു പെരുമ്പാമ്പ്.
ഇന്ന് രാവിലെ താജ് മഹലിലെ പാര്‍ക്കിഗ് സ്പെയ്സില്‍ വച്ചാണ് അനധികൃതമായി കയറിക്കൂടിയ ആ സന്ദര്‍ശകനെ സുരക്ഷാ ജീവനക്കാര്‍ കാണുന്നത്. പാര്‍ക്കിംഗ് സ്പെയ്സില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ തൊഴിലാളികളാണ് ഇവിടെ ഭീമന്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഏതാണ്ട് ഒമ്പതടിയോളം വലിപ്പം വരുന്ന പെരുമ്പാമ്പാണിത്. താജ് മഹലില് സമീപത്തുള്ള ‘താജ് നേച്ചര്‍ വാക്ക്’ എന്ന പാര്‍ക്കില്‍ നിന്നാകാം പെരുമ്പാമ്പ് ഇവിടേക്ക് ഇഴഞ്ഞെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 70 ഹെക്ടറോളം വരുന്ന ഈ പാര്‍ക്കില്‍ പലയിനത്തില്‍ പെട്ട പാമ്പുകളും മറ്റ് നിരവധി ജീവികളും വസിക്കുന്നുണ്ട്.
ALSO READ: പെരുമ്പാമ്പിന്‍റെ വായില്‍നിന്ന് മാന്‍ രക്ഷപെടുന്നതിന്‍റെ വൈറല്‍ ദൃശ്യങ്ങള്‍ കാണാം!
എന്തായാലും ക്ഷണിക്കാതെയെത്തിയ അതിഥിയെ കണ്ട് സന്ദര്‍ശകരെല്ലം കൂടിനിന്നതോടെ പാമ്പിനെ പിടികൂടുന്നതിന് വനംവകുപ്പ് ജീവനക്കാര്‍ അല്‍പമൊന്ന് പാടുപെട്ടു. എങ്കിലും പാമ്പിനെ പിടികൂടുകയും തിരിച്ച് പാര്‍ക്കിലെ വനത്തിലേത്ത് തുറന്നുവിടുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് പാര്‍ക്കിംഗ് സ്പെയ്സില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെ പാമ്പ് ആക്രമിക്കാതിരുന്നതെന്നും, വലിയ വിഷമുള്ള ഇനമല്ലെങ്കിലും കാര്യമായ മുറിവുണ്ടാക്കാന്‍ ഇത്തരം പാമ്പുകള്‍ക്കാകുമെന്നും വനം വകുപ്പ് ജീവനക്കാര്‍ പ്രതികരിച്ചു.
Post Your Comments