തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളെ അശ്ലീല വിഡിയോ കാണിച്ച് പ്രലോഭിപ്പിക്കുകായും ശേഷം ലഹരി കടത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന സംഘം തലസ്ഥാനത്ത് വ്യാപകമാകുന്നതായി പരാതി. ഈ വിഡിയോ കാണാൻ താൽപര്യമില്ലെന്നു പറഞ്ഞ പ്ലസ് വൺ വിദ്യാർഥിയെ പട്ടത്തെ ട്യൂഷൻ സെന്ററിനു മുന്നിൽ നിന്നു ബൈക്കിൽ ബലമായി പിടിച്ചുകയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ചതോടെയാണ് റാക്കറ്റിനെക്കുറിച്ചുളള വിവരങ്ങൾ പൊലീസിനു ലഭിച്ചത്.
ട്യൂഷൻ സെന്ററിലേക്ക് പോകാൻ പുലർച്ചെ അഞ്ചരയോടെ പട്ടത്ത് റോഡു കുറുകെ കടക്കാൻ തുടങ്ങുന്നതിനിടെ ഒരു ബൈക്ക് വിദ്യാർഥിയുടെ മുന്നിൽ നിർത്തി. അശ്ലീല ചിത്രങ്ങളും വിഡിയോയും കാട്ടിത്തരാമെന്നായിരുന്നു പ്രലോഭനം. താൽപര്യമില്ലെന്ന് അറിയിച്ചപ്പോൾ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ചു. എന്നാൽ ബൈക്കിലിരുന്നയാളുടെ കൈ തട്ടിത്തെറിപ്പിച്ച് വിദ്യാർഥി അരകിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്ക് ഓടുകയായിരുന്നു. സ്കൂൾ പരിസരങ്ങളിൽ ഇത്തരം റാക്കറ്റുകൾ വിലസുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സ്കൂൾ വിദ്യാർഥികളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ സംസാരിക്കുകയാണെന്ന വ്യാജേന പകർത്തുന്ന സംഘങ്ങളും സ്കൂൾ പരിസരങ്ങളിലുണ്ട്. നാലോ അഞ്ചോ പേർ കൂട്ടംകൂടി നിൽക്കുകയും ഇതിൽ രണ്ടോ മൂന്നോ പേർ ഫോണിൽ സംസാരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ക്യാമറ ഓൺ ആക്കി ചിത്രങ്ങളും വിഡിയോയും പകർത്തുകയുമാണ് രീതി. വിദ്യാർഥികൾ ഇവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments