കാസര്‍കോട്: കന്നഡ മീഡിയം സ്‌കൂളില്‍ അധ്യാപകനായി നിയമിച്ചത് കന്നഡ ഭാഷ സംസാരിക്കാനോ എഴുതാനോ അറിയാത്ത ആളെ. മൂഡംബയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. നിയമനം ലഭിച്ച അധ്യാപകനെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ അനുവധിക്കാതെയാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധിച്ചത്.
കര്‍ണാടക അതിര്‍ത്തി പ്രദേശമായ മൂഡംബയല്‍ ഗവണ്‍മെന്റ് ഹെസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്കുള്ള നിയമനമാണ് കഴിഞ്ഞ ദിവസം നടന്നത്. കന്നഡ മീഡിയം സ്‌കൂളാണിത്. മുഴുവന്‍ വിദ്യാര്‍ത്ഥികളും കന്നഡ മാധ്യമത്തിലാണ് പഠിക്കുന്നത്. ഇത്തരം സ്‌കൂളുകളില്‍ അധ്യാപകരായി എത്തുന്നവര്‍ക്ക് കന്നഡ മീഡിയത്തില്‍ പ്രാവീണ്യം വേണമെന്നാണ് ചട്ടം. കന്നഡ വായിക്കാനോ സംസാരിക്കാനോ അറിയാത്ത അധ്യാപകന് എങ്ങിനെ കുട്ടികളെ പഠിപ്പിക്കാനാകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
കന്നഡ സ്‌കൂളുകളിലേക്ക് മാത്രമായുള്ള തസ്തികയാണിത്. നിയമനം നേടിയതിന് ശേഷം മറ്റു സ്‌കൂളുകളിലേക്ക് മാറുവാനും സാധ്യമല്ല. കന്നഡ അറിഞ്ഞിരിക്കണമെന്ന് വ്യവസ്ഥയിരിക്കെ എങ്ങിനെയാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നതെന്നാണ് ചോദ്യം. നിയമനം റദ്ദാക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
Post Your Comments