അഞ്ജു പാര്‍വതി പ്രഭീഷ്
കേരളത്തിന്റെ അറുപത്തിമൂന്നാം പിറന്നാൾ വേളയിൽ മലയാളികൾ ചർച്ചയാക്കുന്ന,വ്യക്തിത്വത്തിന്റെ വ്യത്യസ്തധ്രുവങ്ങളിൽ നില്ക്കുന്ന രണ്ടു മുഖങ്ങളാണ് ബിനീഷ് ബാസ്റ്റിൻ എന്ന യുവനടനും അനിൽ രാധാകൃഷ്ണമേനോനെന്ന സംവിധായകനും.ഒപ്പം ഇവരിരുവരും പ്രതിനിധീകരിച്ച ഒരു സംഭവം സാംസ്കാരിക കേരളമെന്ന ചുവരെഴുത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച വൈകൃതങ്ങൾക്കു നേരെപ്പിടിച്ച കണ്ണാടിയുമാകുന്നു.
ബിനീഷ് ബാസ്റ്റിൻ- ഇല്ലായ്മയുടെ ചൂടുംചൂരും അറിഞ്ഞ ബാല്യ -കൗമാര കാലത്തിൽ നിന്ന് ഉന്നതിയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറുന്നവൻ! ദാരിദ്ര്യത്തിന്റെ ഉള്ളുരുക്കങ്ങള്‍ക്കിടയിലും തന്റെ ഉള്ളിലെ കഥാപാത്രങ്ങള്‍ അവസരത്തിനായി കലപിലകൂട്ടുന്നത് മനസ്സിലാക്കിയതുക്കൊണ്ടുമാത്രം അവസരങ്ങൾ തേടി അലഞ്ഞവൻ കൂടിയാണയാൾ.ഉന്നത വിദ്യാഭ്യാസമൊന്നും കിട്ടിയില്ലെങ്കിലും ജീവിതപാഠപുസ്തകത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും ഫുള്‍ എ പ്ലസ് വാങ്ങി ജീവിക്കുന്ന സാധാരണക്കാരനായ അസാധാരണ പ്രതിഭയാണയാളെന്നു ഇതിനോടകം തെളിയിച്ചിട്ടുമുണ്ട്.സിനിമയിൽ നെടുനീളൻ സംഭാഷണങ്ങൾ ഇല്ലെങ്കിൽപ്പോലും ഒരു സന്ദർഭത്തെ വൈകാരികമായി അനുഭവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളയാളാണയാൾ.(കട്ടപ്പനയിലെ ഋതിക്റോഷൻ എന്ന സിനിമയിലെ ഒരൊറ്റ സീൻ അതിനുദാഹരണം) സിനിമാനടനാകാനുള്ള പരീക്ഷയിൽ ജയിക്കാനുള്ള വിശേഷങ്ങളൊന്നുമില്ലെങ്കിൽപ്പോലും നമ്മളയാളെ നെഞ്ചോട് ചേർത്തത് ജീവിതത്തിൽ അയാൾ അഭിനയിക്കാത്തതുക്കൊണ്ടായിരുന്നു.
https://www.facebook.com/ActorBineeshBastin/videos/1422906214526249
അനിൽ രാധാകൃഷ്ണമേനോൻ- ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പഴുത്തളിഞ്ഞ മനസ്സും അതിനേക്കാൾ പുഴുവരിക്കുന്ന തലച്ചോറുമായി ജീവിക്കുന്ന ‘കുല’പുരുഷന്മാർക്ക് വംശനാശം വന്നിട്ടില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച സംവിധായകൻ. ഉന്നതകുലവും ഉന്നതസ്ഥാനവും പുരസ്കാരപ്പെരുമയും വ്യക്തിത്വത്തിന്റെ അളവുകോളുകളല്ലായെന്ന് സ്വന്തം കർമ്മത്തിലൂടെ തെളിയിച്ച് കൃമിയോളം ചെറുതായി പോയ വലിയ കലാകാരൻ.നോർത്ത് 24 കാതം എന്ന ഒന്നാന്തരം സിനിമയിലൂടെ ഹരിയെന്ന കഥാപാത്രത്തിനു കാഴ്ചയുടെ കാണാത്തീരങ്ങള്‍ കാട്ടിക്കൊടുത്ത , അനുഭവങ്ങളുടെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ച , നേരിന്‍റെ തിരിച്ചറിവുകള്‍ വെളിവാക്കിക്കൊടുത്ത സംവിധായകനു സ്വന്തം ജീവിതത്തിൽ അതൊന്നും പകർത്താനായില്ലെന്നതിന്റെ നേരറിവ് കൂടിയാകുന്നുണ്ട് ആ സംഭവം.. അനുഭവമാണ് ഏറ്റവും നല്ല ഗുരുനാഥനും , ചികിത്സകനുമെന്ന സന്ദേശം നല്കിയ ആ ചിത്രത്തിന്റെ അവസാനം ആ യാത്ര ഹരിയുടെ തിരിച്ചറിവിലേക്കുള്ള മനസ്സിന്‍റെ കാതങ്ങള്‍ താണ്ടിയുള്ള യാത്രയായിത്തീരുന്നുവെങ്കിലും താങ്കൾ ഇന്നും ഈഗോയെന്ന മഹാവ്യാധിയുടെ കയത്തിൽ നിന്നും കരകയറാൻ കാതങ്ങൾ താണ്ടിയേ തീരൂവെന്ന് മനസ്സിലാക്കുക സംവിധായകാ. അനുഭവങ്ങളുടെ തീച്ചൂളയിൽ കുരുത്ത ബിനീഷെന്ന പ്രതിഭയെ അധിക്ഷേപങ്ങളുടെ ഇളംവെയില് കൊണ്ട് തോല്ലിക്കാനാവില്ലെന്നു തിരിച്ചറിയുന്നിടത്ത് തുടങ്ങട്ടെ നിങ്ങളുടെ മാനസാന്തരം.
ഇനി ബിനീഷ് സംഭവത്തെ ജാതീയമായ വീക്ഷണത്തിൽ കണ്ടുക്കൊണ്ട് മേനോനിലെ ജാതിവാൽ ഹൈലൈറ്റ് ചെയ്യുന്നവരോടാണ് പറയാനുള്ളത്. ബിനീഷ് ബാസ്റ്റിന്റെ ആ ഇരിപ്പ് ഒരുപാടുപ്പേരുടെ നെഞ്ചത്തുക്കയറിയുള്ള ഇരിപ്പാണ്.അത് കേവലം അനിൽരാധാകൃഷ്ണമേനോനെന്ന മാടമ്പി സംവിധായകനെതിരെ മാത്രമുള്ളതല്ല. അക്ഷരത്താളുകളിൽ മാത്രം അച്ചടിച്ച പ്രബുദ്ധകേരളമെന്ന പൊങ്ങച്ചത്തിനു മീതെയുള്ള ഇരിപ്പാണ് അത്. നവോത്ഥാനത്തിന്റെ മറക്കൂടിനുള്ളിൽ ഒളിപ്പിച്ചുവച്ച നല്ല കിണ്ണംക്കാച്ചിയ ഹിപ്പോക്രാസിയുടെ നെഞ്ചത്താണ് അയാളുടെ ഇരിപ്പ്! ഉച്ചനീചത്വങ്ങളില്ലാത്ത സമത്വസുന്ദരനാടെന്ന ചാപ്പകുത്തലിനു മീതേയാണ് അയാൾ ഇരിക്കുന്നത്! നമ്പർ 1 കേരളമെന്ന നട്ടാൽ കുരുക്കാത്ത നുണയുടെ മീതെയാണ് അയാൾ ഇരിക്കുന്നത്! സോഷ്യൽസ്റ്റാറ്റസ് എന്ന യാഥാർത്ഥൃത്തിനു മീതേ പറക്കാൻ താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു കെല്പ്പിലെന്ന തിരിച്ചറിവിന്റെ വേദിയിലാണ് ആ ഇരിപ്പ്! പ്രതികരിക്കുന്ന മലയാളിയുവത്വമെന്ന ഊതിവീർപ്പിക്കപ്പെട്ടിരുന്ന ബലൂണുകളാണ് അയാൾക്ക് മുന്നിലുള്ളത് . കോടികൾ ചിലവഴിച്ച തുല്യനീതിയുറപ്പുവരുത്തുന്ന നവോത്ഥാനമതിലിനു മുകളിലാണ് അയാൾ ഇരുന്നു പ്രതിഷേധിക്കുന്നത്. സ്വാതന്ത്ര്യം,സാഹോദര്യം,സോഷ്യലിസമെന്നു വെറുതെ വാഴ്ത്താളം മുഴക്കുന്ന, തന്നെ ക്ഷണിച്ചുവരുത്തി അപമാനിച്ച കോളേജ് യൂണിയൻ ഭാരവാഹികളുടെ നെഞ്ചത്താണ് ആ ഇരിപ്പ്!
ഈ കേരളപ്പിറവി ദിനത്തിൽ പൊള്ളുന്ന,കയ്ക്കുന്ന കാലികകേരളത്തിന്റെ നേർച്ചിത്രം കാണിച്ചുതരാൻ ഒരു ഇടതുപക്ഷസഹയാത്രികൻ തന്നെ വേണ്ടി വന്നു എന്നത് കാലത്തിന്റെ കാവ്യനീതി! തൊഴിലിടത്തെ പുഴുത്തുനാറിയ ഒരു ഈഗോക്ലാഷിനെ ഒന്നാന്തരം മേനോൻവാലുപയോഗിച്ചു ജാതീയതയുടെ സ്ക്കെയിലിൽ അളക്കുന്നവർ അറിയുന്നുണ്ടോ നട്ടെല്ലിനു പകരം വാഴപ്പിണ്ടി വച്ച യൂണിയൻ ചെയർമാനും പ്രിൻസിപ്പലുമുള്ളത് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ്.അതായത് കേരളാ സ്റ്റേറ്റ് ഷെഡ്യൂൾസ് ക്ലാസ്സ് ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള കോളേജിൽ!ഇനിയും ജാതീയതയുടെ ഇളയിടം പരിപ്പിട്ട് ഇവിടെ വേവിക്കണമോ? ഒരിക്കൽ ഇതേ അനിൽ രാധാകൃഷ്ണമേനോനെ പൊതുവേദിയിൽ പുകഴ്ത്തി സംസാരിച്ച,തനിക്ക് അവസരം തരാൻ മനസ്സ് കാണിച്ചയാളെന്നു പറഞ്ഞയാളാണ് ബാസ്റ്റിൻ.ഇപ്പോഴുണ്ടായത് ജന്മി -അടിയാൻ ക്ലാഷുപ്പോലൊരു ഈഗോക്ലാഷ് മാത്രമായിരിക്കണം.മേനോനിലെ ജാതീയചിന്തയെ ഫോക്കസ് ചെയ്യുന്നവർ മറന്നുപ്പോകുന്നുണ്ട് അയാളുടെ തന്നെ ദിവാൻജി മൂലയെന്ന ചിത്രവും അതിൽ വിനായകനു നല്കിയ റോളും. വിമർരിക്കപ്പെടേണ്ടത് അനിൽ രാധാകൃഷ്ണനെന്ന വ്യക്തിയുടെ ഈഗോയും താൻപോരിമയുമാണ്.ഒപ്പം സമത്വസുന്ദരകേരളമെന്ന പുകമറയ്ക്കുളളിൽ ഒളിപ്പിച്ച പ്രിവിലേജുകളോടുള്ള അടങ്ങാത്ത ആസക്തിയാണ്. കൂട്ടത്തിലുള്ള ഉന്നതന്റെ വലിപ്പം നോക്കി ,അയാൾ മറ്റൊരാൾക്കൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്നു പറഞ്ഞപ്പോൾ പ്രതികരിക്കാതെ,അയാളുടെ ആസനം താങ്ങി ക്ഷണിച്ചുവരുത്തിയവനെ അപമാനിക്കാൻ മടിക്കാത്ത പ്രിൻസിപ്പലിന്റെ വകതിരിവില്ലായ്മയെയാണ്.
രണ്ടു പുരുഷന്മാരുടെ ഈഗോക്ലാഷിന്റെയും പടലപ്പിണക്കത്തിന്റെയും അനുകൂല-പ്രതികൂല തൊഴിലാളികളുടെ വാദപ്രതിവാദങ്ങൾക്കിടയിൽ ,മറക്കാതെയിരിക്കേണ്ട ,കനലായി പടരേണ്ട മറ്റൊന്നുകൂടിയുണ്ട് ഈ കേരളപ്പിറവിദിനത്തിൽ .അത് വാളയാറിൽ തൂങ്ങിയാടിയ കുഞ്ഞുമേനികളാണ്.നീതികിട്ടാത്ത ആ ആത്മാക്കളുടെ തേങ്ങലുകളേക്കാൾ വലുതല്ല ഒരു സെലിബ്രിട്ടിയുടെയും പ്രതിഷേധം.
Post Your Comments