ഡല്‍ഹി: രാജ്യത്ത് ആയിരക്കണക്കിന് തടവുകാര്‍ക്ക് അവശ്യ ചികിത്സ പോലും ലഭിക്കുന്നില്ല എന്നിരിക്കെ എയിംസിലെ ചികിത്സ പോരായെന്ന് പറയുന്ന ചിദംബരത്തിന്റെ പ്രശ്‌നം എന്താണെന്നു ഹൈ കോടതി. വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദില്‍ പോകാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പി.ചിദംബരത്തിന്റെ ആവശ്യം നിരാകരിച്ചു കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ വാക്കുകള്‍. ചിദംബരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു.
ഐ.എന്‍.എക്‌സ് മീഡിയാ ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന് ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് ഹൈദരാബാദില്‍ പോകാന്‍ ആറുദിവസത്തെ ജാമ്യം തേടിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹൈദരാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോ എന്ററോളജിയില്‍ വിദഗ്ധചികിത്സയ്ക്ക് പോകാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം.ചിദംബരം ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് ഡല്‍ഹിയിലെ എയിംസില്‍ വിദഗ്ധ ചികിത്സയാണ് ലഭിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത്ത് ചൂണ്ടിക്കാട്ടി.
ഹൈദരാബാദിലെ ഡോക്ടര്‍ നാഗേശ്വര്‍ റെഡ്ഡി ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാനാണ് എയിംസിലെ ഡീനിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്ന് ലഭിക്കുന്ന ചികിത്സ ഫലപ്രദമല്ലെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ചിദംബരത്തിന് കാന്‍സര്‍ ആയി മാറാന്‍ സാധ്യത ഉണ്ടെന്നും സിബല്‍ വ്യക്തമാക്കി. ചിദംബരത്തിന് വിദഗ്ധചികിത്സ ലഭിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി. ചിദംബരത്തിന്റെ ശരീരഭാരം 73.5 കിലോയില്‍ നിന്ന് 66 കിലോ ആയി കുറഞ്ഞതായി അഭിഷേക് മനു സിങ്‌വിയും കോടതിയെ അറിയിച്ചു.
Post Your Comments