പാലക്കാട്: ലോകത്തിന്റെ കണ്ണീരായി വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുരുന്നുകൾ മാറിയപ്പോൾ മക്കളോടൊപ്പമുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് കുട്ടികളുടെ അമ്മ. ‘‘എന്റെ മക്കളായതുകൊണ്ടു പറയുകയല്ല. ഇത്രയ്ക്ക് സ്നേഹമുള്ള കുട്ടികൾ ഉണ്ടാവില്ല. പാട്ടിനും ഡാൻസിനും സ്പോർട്സിനുമൊക്കെ സമ്മാനം വാങ്ങിയിട്ടുണ്ട്. ഇളയവൾ പഠനത്തിലും ഒന്നാമതായിരുന്നു. ഒരുപാടു സ്നേഹിച്ചാണ് അവരെ വളർത്തിയത്. ഞങ്ങളുടെ സ്നേഹം കണ്ടില്ലെന്നുവച്ചു പോകാൻ എന്റെ മക്കൾക്കു കഴിയില്ല. അഞ്ചു പാത്രങ്ങളിൽ ഒന്നിച്ചു കഞ്ഞി വിളമ്പി വർത്തമാനം പറഞ്ഞാണ് എന്നും അത്താഴം കഴിച്ചിരുന്നത്” കണ്ണീരോടെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
കോൺക്രീറ്റ് പണിക്കു പോകുന്ന ദിവസം സൈറ്റിൽ നിന്ന് പൊറോട്ടയോ ബിരിയാണിയോ ഒക്കെ കിട്ടും. അതു പൊതിഞ്ഞുകൊണ്ടു വന്നു മക്കളെ കഴിപ്പിക്കും. ഓണവും വിഷുവും വരുമ്പോൾ പായസവും ഉപ്പേരിയുമുണ്ടാക്കി അവർക്കു ചെറിയൊരു സദ്യ കൊടുക്കും. കടം വാങ്ങിയിട്ടായാലും അവർക്ക് ഓണക്കോടി മുടക്കിയിട്ടില്ല. കോൺക്രീറ്റ് പണിക്കു പോയാണ് മക്കളെ വളർത്തിയത്. ആ പണി ഇല്ലാതെ വരുമ്പോൾ തൊഴിലുറപ്പു പണിക്കു പോകും. അതിന്റെ കൂലി ഇടയ്ക്ക് ഒന്നിച്ചേ കിട്ടൂ. ഒരുപാടു പ്രയാസങ്ങൾ ഉണ്ടെങ്കിലും മക്കളെ അതൊന്നും അറിയിച്ചിരുന്നില്ല. മൂത്ത മകൾക്ക് എട്ടു മാസം പ്രായമുള്ളപ്പോഴാണു ഞാൻ രണ്ടാമതു വിവാഹിതയായത്. ചേട്ടൻ അവളെ സ്വന്തം മക്കളെക്കാൾ സ്നേഹിച്ചു. ‘അമ്മ പറഞ്ഞു.
ഒരിക്കലും ഇളയ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. മരിക്കുന്ന ദിവസം രാവിലെ എഴുന്നേറ്റ് തലേന്നു ഞാൻ കൊണ്ടുക്കൊടുത്ത പൊറോട്ട ചൂടാക്കി അനിയനും അമ്മമ്മയ്ക്കും നൽകി. ഞാനും അച്ഛനും പണിക്ക് ഇറങ്ങിയപ്പോൾ കൂടെവന്നു. അടുത്തുള്ള കടയിൽനിന്ന് അനിയനും അവൾക്കുമായി ബിസ്കറ്റ് വാങ്ങിക്കൊടുത്തുവിട്ടു. ചേച്ചി മരിച്ച സങ്കടം ഒഴികെ എന്റെ കുട്ടിക്ക് മറ്റൊരു പ്രശ്നമുള്ളതായി തോന്നിയിട്ടില്ല. അമ്മ വ്യക്തമാക്കി.
Post Your Comments