ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യത്തില്‍ കോണ്‍ഗ്രസില്‍ ആശങ്ക. ഡിസംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇരുനേതാക്കളും തമ്മിലുള്ള ശീതസമരം പാര്‍ട്ടിയുടെ വിജയത്തെ ബാധിക്കുമോയെന്നാണ് പാര്‍ട്ടിനേതൃത്വത്തിന്റെ ആശങ്ക. ഇരുവരും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി.കള്ളപ്പണംവെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് നല്‍കിയ സ്വീകരണത്തിനിടെ ജെ.ഡി.എസ്. പതാക ശിവകുമാര്‍ കൈയിലേന്തിയതാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചത്.
ശിവകുമാറിനെ കുറ്റപ്പെടുത്തി സിദ്ധരാമയ്യ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുന്ന വീഡിയോ പുറത്തായതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച കൂടി. പ്രതിപക്ഷനേതൃസ്ഥാനം സിദ്ധരാമയ്യക്ക് ലഭിച്ചതിനാല്‍ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. എന്നാല്‍ കേസില്‍ ജാമ്യം ലഭിച്ചതിനുപിന്നാലെ നേതൃസ്ഥാനം നല്‍കിയാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാകുമെന്ന വാദവുമുണ്ട്. ശിവകുമാറിന്റെ സ്വീകരണപരിപാടിയില്‍ ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ പങ്കെടുത്തത് പാര്‍ട്ടിനേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ മൗനാനുവാദത്തോടെയാണ്.
കോണ്‍ഗ്രസിലെ ഭിന്നത മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു നീക്കമെന്നും സൂചനയുണ്ട്.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും വൊക്കലിഗ സമുദായവോട്ടുകള്‍ നിര്‍ണായകമാണ്. സമുദായനേതാവായ ശിവകുമാറിനെ പിണക്കുന്നത് തിരിച്ചടിയാകും. ഇത് മുന്നില്‍ക്കണ്ടുള്ള നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടിനേതൃസ്ഥാനത്തിനായി ശിവകുമാര്‍ നടത്തുന്ന നീക്കത്തില്‍ ഒരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്.പ്രതിപക്ഷത്തെ ഭിന്നത ഉപതിരഞ്ഞെടുപ്പില്‍ സഹായകമാകുമെന്നാണ് ബി.ജെ.പി.യുടെ കണക്കുക്കൂട്ടല്‍.
സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിനോടുള്ള കുമാരസ്വാമിയുടെ മൃദുസമീപനത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും സിറ്റിങ് സീറ്റുകളാണ്. ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഇത് മുന്നില്‍ക്കണ്ട് ഇടക്കാല തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. എന്നാല്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ജെ.ഡി.എസിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ തെറ്റും.
ജെ.ഡി.എസ്. എം.എല്‍.എ.മാരില്‍ പലരും ബി.ജെ.പി.യെ പിന്തുണയ്ക്കണമെന്ന അഭിപ്രായമുള്ളവരാണ്. സിദ്ധരാമയ്യയെ മുഖ്യശത്രുവായാണ് കുമാരസ്വാമി കാണുന്നത്. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഏതാനും കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ രാജിവെക്കാന്‍ കാരണം സിദ്ധരാമയ്യയാണെന്നാണ് ജെ.ഡി.എസിന്റെ ആരോപണം.
Post Your Comments