വാളയാര്‍: വാളയാറിര്‍ സഹോദരങ്ങളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന്‍ അറിയിച്ചു. കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കേസില്‍ ശരിയായി അന്വേഷണം നടത്തുകയോ സാക്ഷികളെ വിസ്തരിക്കുകയോ ചെയ്തിട്ടില്ലെന്നും പട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു.
കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതെന്നാണ് കുട്ടികളുടെ അമ്മ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കമ്മിഷന്‍ ഇതില്‍ ഇടപെടുന്നതെന്നും കേസുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സമന്‍സ് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. അതേസമയം, കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി സുഗതകുമാരി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് സുഗതകുമാരി സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ സുഗതകുമാരി പറഞ്ഞിരിക്കുന്നത്. വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരും പോലീസും ഗുരുതര വീഴ്ച വരുത്തിയെന്നാണ് പ്രതിപക്ഷവും ആരോപിച്ചു. പ്രതിപട്ടികയിലുള്ള സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇടപെടലുണ്ടായെന്നാണ് പ്രധാനമായി ഉയരുന്ന ആരോപണം.
ALSO READ: വാളയാര്‍ സംഭവം: എം.ബി രാജേഷിന് മറുപടിയുമായി അഭിഭാഷകന്‍ രഞ്ജിത്ത് കൃഷ്ണ; താന്‍ പഴയ എസ്.എഫ്.ഐക്കാരന്‍
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ കേസ് അട്ടിമറിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വന്‍ ജനരോഷമാണ് ഉയരുന്നതെന്നും ഇതു മനസിലാക്കി സത്യസന്ധമായി കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഭരണമാണോ വാളയാറിലെ രണ്ടു ഡിവൈഎഫ്ഐക്കാരാണോ വലുതെന്നു തീരുമാനിക്കേണ്ടത് സിപിഎം നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനെ കണ്ടതായും കേരളത്തില്‍ സന്ദര്‍ശനം നടത്താന്‍ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments