തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചു. അതേസമയം പരീക്ഷാ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. ശിവരഞ്ജിത്തും നസീമും പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും നേരത്തേ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പി.എസ്.സി ക്രമക്കേട് കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാനായിരുന്നില്ല.
യൂണിവേഴ്‌സിറ്റിയില്‍ നടന്ന കത്തിക്കുത്ത് കേസിലും പരീക്ഷാ ക്രമക്കേട് കേസിലും അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
പോലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്ക് നടന്ന പരീക്ഷയിലാണ് ശിവരഞ്ജിത്തും നസീമും ഉള്‍പ്പടെയുള്ളവര്‍ ക്രമക്കേട് കാണിച്ചത്. ഇതേതുടര്‍ന്ന്, യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന അഞ്ച് പേരെയും പ്രതികളാക്കി ഓഗസ്റ്റ് എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ശിവരഞ്ജിത്തും നസീമും അന്വേഷണസംഘത്തോട് സമ്മതിച്ചിരുന്നു. അതേസമയം പരീക്ഷാ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
Post Your Comments