പാലക്കാട് : തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. പാലക്കാട് അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മണിവാസകം ആണ് ഇന്ന് മരിച്ചത്. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്നും കബനി ദളത്തിലെ പ്രധാന നേതാവാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അട്ടപ്പാടി മേലെ മഞ്ജിക്കണ്ടി കാടിനകത്തു മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. മേഖലയിൽനിന്ന് തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി മഞ്ജിക്കണ്ടി ഊരുനിവാസികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിൽ സ്ത്രീയുൾപ്പെടെ മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകം എന്ന എന്ന മാവോയിസ്റ്റിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായുള്ള തിരച്ചിലിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായതെന്നാണ് വിവരം.
ഇന്നലെ പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. തണ്ടർബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും വെടിവച്ച് കൊലപ്പെടുത്തിയത്
Post Your Comments