തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ഇതോടെ പുതുക്കിയ പിഴത്തുകകൾ പ്രാബല്യത്തിലായി. ഇതോടെ സീറ്റ് ബെൽറ്റും ഹെൽമെറ്റും ഇല്ലാതെ വാഹനം ഓടിച്ചാലുള്ള പിഴ 1000 രൂപയിൽനിന്ന് 500 രൂപയായി കുറച്ചു. എന്നാൽ, മദ്യപിച്ച് വാഹനം ഓടിക്കൽ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളുടെ ശിക്ഷയിൽ കുറവില്ല. 10000 രൂപയാണ് ഇതിന് പിഴ. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 2000 രൂപ തന്നെയാണ്. ചരക്കുവാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതിനുള്ള പിഴ 10000 ആക്കി. രജിസ്റ്റർ ചെയ്യാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം ഉപയോഗിച്ചാൽ ആദ്യതവണ സ്വകാര്യ വാഹനങ്ങൾക്ക് 2000 -രൂപയെന്നത് 3000 രൂപയായി വർധിപ്പിച്ചു.
Read also: ഗതാഗത നിയമലംഘനം; പിഴത്തുക കുറച്ചു, പുതിയ നിരക്ക് ഇങ്ങനെ
ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ആദ്യ കുറ്റത്തിന് 2000 രൂപ തന്നെ തുടരും. നിയമലംഘനം ആവർത്തിച്ചാൽ 4000 രൂപയാകും പിഴ. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിന് 2000 രൂപയും സാമൂഹിക സേവനവുമായിരുന്നു ശിക്ഷ. ഇതിൽനിന്ന് സാമൂഹിക സേവനം ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments