
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ ഏറെ നിര്‍ണായക വെളിപ്പെടുത്തല്‍. നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത് പെണ്‍കുട്ടികളുടെ അയല്‍വാസിയും പൊലീസിനെ പേടിച്ച് ജീവനൊടുക്കിയ പ്രവീണിന്റെ മാതാവ്. പെണ്‍കുട്ടികളുടെ പീഡന കേസിന്റെ കുറ്റം ഏല്‍ക്കാന്‍ പൊലീസ് പല തവണ മകനെ നിര്‍ബന്ധിച്ചിരുന്നതായി ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ. മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായിരുന്നു പ്രവീണ്‍. മധു അടക്കമുള്ള പ്രതികളെ രക്ഷിക്കാന്‍ കുറ്റം ഏല്‍ക്കണമെന്ന് പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചിരുന്നുവെന്നും പ്രവീണിന്റെ അമ്മ പറഞ്ഞു. കാലക്രമത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പ്രവീണ്‍ ഇതിന് വഴങ്ങിയില്ല.
കേസില്‍ ചോദ്യംചെയ്യാന്‍ വിളിച്ച് പൊലീസ് പ്രവീണിനെ ക്രൂരമായി മര്‍ദ്ദിച്ചു. ശരീരത്തിലെ പാടുകള്‍ മകന്‍ പലതവണ കാണിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പേടി മൂലം പ്രവീണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്ത ശേഷം പൊലീസ് ഒരു അന്വേഷണവും നടത്തിയില്ല. പൊലീസ് ആത്മഹത്യാക്കുറിപ്പ് കാണിക്കുന്നത് പോലും മൂന്നുമാസത്തിനുശേഷം ആണെന്നും പ്രവീണിന്റെ അമ്മ പറഞ്ഞു.
2017 ഏപ്രില്‍ 25നാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തത്. തനിക്ക് കേസുമായി ബന്ധമില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ പ്രവീണ്‍ പറഞ്ഞിരുന്നു.
Post Your Comments