വാഷിംഗ്ടണ്‍ : ഇറാഖില്‍ നിന്നും സിറിയ വഴി ലോകത്തെ തിന്മയുടെ കറുപ്പണിയിച്ച് ഭീതിയിലാഴ്ത്തിയ ഐസിസ് തലവന് അര്‍ഹിച്ച അന്ത്യം സമ്മാനിച്ച് അമേരിക്ക. അല്‍ഖ്വയിദ തലവന്‍ ഒസാമ ബിന്‍ലാദനു ശേഷം അമേരിക്കന്‍ സേനയ്ക്ക് അഭിമാനിക്കാവുന്ന ഭീകര വേട്ടയായി ഐസിസ് തലവനുമായ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ വധം. മുന്‍പും പല പ്രാവശ്യം അമേരിക്കയുടെ ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
എന്നാല്‍ ഇക്കുറി അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് ലോകത്തിനോട് ബാഗ്ദാദിയെ തങ്ങള്‍ വധിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഐസിസ് തലവനെ കൊലപ്പെടുത്താന്‍ അമേരിക്ക എത്ര കണ്ട് ദാഹിച്ചിരുന്നു എന്ന് വെളിവാക്കുന്ന തരത്തിലാണ് ട്രംപിന്റെ പ്രസ്താവന. ബാഗ്ദാദിയെ വധിക്കുവാന്‍ രാത്രിയായിരുന്നു അമേരിക്കയുടെ പ്രത്യേക ദൗത്യസേന നടത്തിയ ഓപ്പറേഷന്‍. ബിന്‍ ലാദന്റെ വധം പോലെ തന്നെ ഓപ്പറേഷനിലെ കാഴ്ചകള്‍ അമേരിക്കന്‍ പ്രസിഡന്റ് തത്സമയം കണ്ടിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
നിര്‍ണായക സൈനിക നീക്കത്തെ ട്രംപ് വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ് ‘ ഓപ്പറേഷന്‍ ഞാന്‍ നേരില്‍ കണ്ടു. ഞങ്ങളുടെ വേട്ടപ്പട്ടികള്‍ അവനെ ഓടിച്ചു. ഭയന്ന് വിറച്ച് ഞരങ്ങിയും നിലവിളിച്ചും അലറിയും പിടിച്ചു നില്‍ക്കാനാവാതെ ബാഗ്ദാദി മൂന്ന് മക്കളെയും വലിച്ചിഴച്ചുകൊണ്ട് ഒരു തുരങ്കത്തിലേക്ക് ഓടിക്കയറി. പുറത്തേക്ക് മറ്റ് വഴിയില്ലാത്ത തുരങ്കത്തില്‍ കുടുങ്ങിയ ഭീകരന്‍ ചാവേര്‍ ജാക്കറ്റ് പൊട്ടിച്ച് സ്വയം മരിച്ചു. മൂന്ന് മക്കളും കൊല്ലപ്പെട്ടു.
മറ്റുള്ളവരെ ഉപദ്രവിച്ച ദ്രോഹി അമേരിക്കന്‍ സേന ഇരച്ചെത്തിയപ്പോള്‍ കടുത്ത ഭീതിയിലും വെപ്രാളത്തിലുമാണ് തന്റെ അവസാന നിമിഷങ്ങള്‍ എണ്ണിയത്. സ്‌ഫോടനത്തില്‍ അവന്റെ ശരീരം ചിന്നിച്ചിതറി. തുരങ്കം ഇടിഞ്ഞ് അവന്റെ മുകളിലേക്ക് പതിച്ചു. അവന്‍ ഒരു ഹീറോയെ പോലെയല്ല മരിച്ചത്. ഒരു ഭീരുവിനെ പോലെ കരഞ്ഞ്, നിലവിളിച്ച്, ഞരങ്ങി, പട്ടിയെ പോലെ ചത്തു. ഈ ലോകം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കുന്നു.’ വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു. അതെ സമയം ഐഎസിനാൽ വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ താൻ സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞു.
തലയറുക്കപ്പെടാന്‍ കാത്തു മരുഭൂമിയില്‍ ക്യാമറയ്‌ക്കുമുന്നില്‍ മുട്ടുകുത്തി നില്‍ക്കുക. ഭീകരര്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്ന കുറിപ്പ് വായിക്കുക. പിന്നെ, മരണത്തിലേക്കു തലനീട്ടിക്കൊടുക്കുക. 2014ല്‍ 5 വിദേശികളെ തലവെട്ടിയപ്പോള്‍ ഐഎസ് പുറത്തുവിട്ട വിഡിയോ ഇങ്ങനെയായിരുന്നു.
യുഎസ് പത്രപ്രവര്‍ത്തകരായ ജയിംസ് ഫോളി (40), സ്‌റ്റീവന്‍ സോറ്റ്‌ലോഫ് (31), ബ്രിട്ടിഷ് മനുഷ്യാവകാശ പ്രവര്‍ത്തകരായ ഡേവിഡ് ഹെയ്‌ന്‍സ് (44), അലന്‍ ഹെനിങ് (47), പീറ്റര്‍ കാസിഗ് (26) തുടങ്ങിയവരാണ് അന്നു കൊല്ലപ്പെട്ടത്. 2015ല്‍ ജപ്പാനിലെ മാധ്യമപ്രവര്‍ത്തകരായ കെന്‍ജി ഗോട്ടോ, ഹാരുണ യുകാവ എന്നിവരെ കഴുത്തറത്തു കൊല്ലുന്നതും ഐഎസ് പുറത്തുവിട്ടു. പിന്നീട് 2016ല്‍ ഐഎസ് പുറത്തുവിട്ട വിഡിയോ ഇതിലും ക്രൂരമായിരുന്നു.
ഐഎസ് ബന്ദികളായിരിക്കെ കൊല ചെയ്യപ്പെട്ട യുഎസ് പൗരരായ ജയിംസ് ഫോളി, കായ്‌ല മുള്ളര്‍ എന്നിവരുടെ കുടുംബാംഗങ്ങളെ താന്‍ ഉടന്‍ സന്ദര്‍ശിക്കുമെന്നു ടിവി സന്ദേശത്തിനൊടുവില്‍ ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
Post Your Comments