Latest NewsIndiaNews

കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷപെടുത്തിയെന്ന് വ്യാജ വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്

തിരുച്ചിറപ്പളളി: നാട് മുഴുവന്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസുകാരനായുള്ള പ്രാര്‍ത്ഥനയിലാണ്. 60 മണിക്കൂറിലേറെയായി 100 അടി താഴ്ചയുളള കുഴല്‍കിണറിനുളളിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. ഇതുവരെ കുഞ്ഞിനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. സമാന്തരമായി കുഴി നിര്‍മ്മിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്താനുളള ശ്രമം പുരോഗമിക്കുമ്പോഴും കാഠിന്യമേറിയ പാതകള്‍ ഇതിന് വിലങ്ങുതടിയായിരിക്കുകയാണ്. അതിനിടെ സുജിത്തിനെ കുഴല്‍ക്കിണറില്‍ നിന്നും രക്ഷപെടുത്തി എന്ന പേരില്‍ വ്യാജ വീഡിയോയും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ആന്ധ്ര പ്രദേശില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന കുഴല്‍ക്കിണര്‍ അപകടത്തിന്റേതാണ്. ഗുണ്ടൂര്‍ എന്ന സ്ഥലത്ത് 2017 ഓഗസ്റ്റ് 16ന് നടന്ന അപകടമാണിത്. ഉമ്മഡിവരം എന്ന ഗ്രാമത്തില്‍ വീടിന് സമീപം കളിച്ച് കൊണ്ടിരുന്ന ചന്ദ്രശേഖര്‍ എന്ന രണ്ട് വയസ്സുകാരനാണ് അന്ന് കുഴല്‍ക്കിണറില്‍ വീണത്.

ALSO READ: കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം പ്രതിസന്ധിയില്‍

15 അടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് അന്ന് ചന്ദ്രശേഖര്‍ വീണത്. തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ കുഞ്ഞിനെ പുറത്തെത്തിക്കുകയായിരുന്നു. 12 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് ചന്ദ്രശേഖര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഈ സംഭവത്തിന്റെ വീഡിയോയാണിപ്പോള്‍ തിരുച്ചിറപ്പളളിയിലെ കുഴല്‍ കിണറില്‍ വീണ കുഞ്ഞിനെ രക്ഷപെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്നത്. സത്യമറിയാതെ നിരവധിപേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
കുഞ്ഞിനെ രക്ഷാ പ്രവര്‍ത്തകര്‍ കുഴിയില്‍ നിന്ന് പുറത്തേക്ക് എടുക്കുന്നതും ആളുകള്‍ ആര്‍പ്പ് വിളിക്കുന്നതും കുഞ്ഞിന് അടിയന്തര ചികിത്സ നല്‍കുന്നതുമൊക്കെ ഈ വീഡിയോയില്‍ കാണാം.

അതേസമയം തിരുച്ചിറപ്പളളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനായിട്ടുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നേരം പുലരുമ്പോഴേക്കും കുട്ടിയെ പുറത്തെത്തിക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം രക്ഷാ പ്രവര്‍ത്തകര്‍ നല്‍കിയിരുന്ന വിവരം. എന്നാല്‍ കട്ടിയേറിയ പാറ സമാന്തര കുഴിയെടുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button