തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നാ ആവശ്യവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസില്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ കത്ത്. കേസ് നിഷ്പക്ഷമായ ഒരു ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിക്കണമെന്നും പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നുമാണ് കത്തിലെ ആവശ്യം.
വാളയാറിലെ പെണ്‍കുട്ടികളെ ഇല്ലാതാക്കിയ കുറ്റവാളികളെ തുറങ്കിലടയ്ക്കാന്‍ കഴിയാതിരുന്നത് ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും സ്ത്രീ സുരക്ഷ ഉറപ്പു വരുത്താന്‍ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിമൂന്നും ഒന്‍പതും വയസു മാത്രം പ്രായമുള്ള കുട്ടികളെ ഒറ്റമുറി കൂരയുടെ ജനാലപ്പടിയില്‍ തൂങ്ങി നില്‍ക്കുന്ന രൂപത്തിലാണ് കണ്ടെത്തിയതെന്നും ആ ബാലികമാരെ ഇല്ലാത്താക്കിയ നരാധമന്മമാരെ തുറങ്കിലടയ്ക്കാന്‍ കഴിയാതെ പോയത് കേസ് അന്വേഷിച്ച അങ്ങ് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലെ പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്നും മുല്ലപ്പള്ളി പറയുന്നു.
ALSO READ: വാളയാര്‍ പീഡനക്കേസ്; 2017 ല്‍ വിഎസ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു
വാളയാറിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രമല്ല ദരിദ്ര വിഭാഗത്തില്‍പ്പെടുന്ന ഏതു കുടുംബത്തിലും സംഭവിക്കുന്നത് ഇത് തന്നെയാണെന്നും ് ലോക്കല്‍ പോലീസ് ആത്മഹത്യ എന്ന് പറഞ്ഞ് എഴുതിത്തള്ളാന്‍ ശ്രമിച്ച കേസ് വിവാദം ഉയര്‍ന്നപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചതെന്നും പറയുന്ന അദ്ദേഹം അന്വേഷണ സംഘത്തിനെതിരെയും വിമര്‍ശനമുയര്‍ത്തുന്നുണ്ട്. ആദ്യ അന്വേഷണത്തില്‍ വീഴ്ച കാണിച്ച് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്ന സിഐയ്ക്കും ഡിവൈഎസ്പിക്കമെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവര്‍ക്കൊന്നും ഒരു പോറല്‍ പോലും ഉണ്ടായില്ല എന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ദൃക്‌സാക്ഷിയായ മാതാവ് ആ വിവരം പോലീസിനോട് പറയുകയും ശക്തമായ തെളിവുകള്‍ ഉണ്ടാവുകയും ചെയ്തിട്ടും വിചാരണയില്‍ അതൊന്നും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ പോയത് വളരെ ദുഃഖകരമാണെന്നും നിര്‍ഭയവും സത്യസന്ധമായും കേസ് മുന്നോട്ട് കൊണ്ടുപോയ പ്രോസിക്യൂട്ടര്‍ അഡ്വ. ജലജയെ ആരുടെ സമര്‍ദ്ദത്തിന് വഴങ്ങിയാണ് മാറ്റിയതെന്നും അദ്ദേഹം ചോദിക്കുന്നു. സി.ഡബ്ല്യു.സി ചെയര്‍മാനോ, പാര്‍ട്ടിയോ അറിഞ്ഞാണോ പ്രോസിക്യൂട്ടറെ മാറ്റിയതെന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും കത്തില്‍ പറയുന്നു.
അട്ടപ്പളത്തെ ബാലികമാര്‍ക്കുണ്ടായ ദുര്യോഗത്തില്‍ അവരുടെ കുടുംബത്തിന് നീതി ലഭിക്കണം. ജില്ലാ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുകയാണ് വേണ്ടതെന്നും സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെപ്പറ്റിയും വാ തോരാതെ പറയുന്ന അങ്ങയുടെ സര്‍ക്കാര്‍ വാളയാറിലെ ദളിത് ബാലികമാരുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു.
Post Your Comments