കൊല്ലം : വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചയാൾക്കെതിരായ നടപടിയിൽ കൈയ്യടി നേടി പോലീസ് ഉദ്യോഗസ്ഥൻ. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഗുരുപ്രസാദ് അയ്യപ്പനാണു കേസൊതുക്കാൻ പണം വാഗ്‌ദാനം ചെയ്തയാളെ കണക്കിന് ശകാരിച്ച് ഓടിച്ചത്. പിന്നീട് അയാൾ എസ്ഐയ്ക്കു മാപ്പെഴുതി നൽകിയതോടെ സംഭവം പുറത്തറിയുകയും, സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയുമായിരുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് ജില്ലാ ഓഫിസിലെ അസിസ്റ്റന്റ് എഡിറ്റർ പി.ആർ.സാബുവാണു സംഭവം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പുറത്തെത്തിച്ചത്.
അച്ഛൻ പ്രതിയായ വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ മങ്ങാട് സ്വദേശിയായ ചെറുപ്പക്കാരൻ ഗുരുപ്രസാദിന്റെ പോക്കറ്റിൽ 500 രൂപ വച്ചു. ക്ഷുഭിതനായ ഗുരുപ്രസാദ് പണം തിരികെ നൽകി യുവാവിനെ ശകാരിച്ചു. പണം കണ്ടാൽ തല ചൊറിഞ്ഞു നിൽക്കുന്ന പോലീസിന്റെ കാലം അവസാനിച്ചെന്നും, മേലാൽ ഇത് ആവർത്തിക്കരുതെന്നും ക്ഷുഭിതനായി പറഞ്ഞു. തുടർന്ന് തെറ്റ് മനസിലായ യുവാവ് ക്രൈം എസ്ഐയ്ക്കു മാപ്പപേക്ഷ എഴുതി നൽകുകയായിരുന്നു. കൈക്കൂലി കൊടുക്കുന്നതും മറ്റും മൊബൈലിൽ റെക്കോർഡ് ചെയ്യാനും പദ്ധതിയിട്ടിരുന്നതായും ഇയാൾ കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അടക്കം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള, ഗുരുപ്രസാദ് ശിൽപിയുമാണ്.
Also read : ടാക്‌സി കാറില്‍ യുവതിയുടെ പ്രസവമെടുത്ത് വനിതാ പോലീസ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ
Post Your Comments