‘എന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിക്ക് ഫീൽ ചെയ്യുന്നിടത്തോളം കാലം എല്ലാം ലൈംഗികതയും സ്വാഭാവികമാണ്.നിങ്ങളുടെ ഫാന്റസിക്കനുസരിച്ചു ഞാൻ സെക്സ് ചെയ്യണമെന്ന് പറയുന്നതാണ് അസ്വാഭാവികം. എനിക്കിപ്പോൾ ഞാൻ നിത്യവും കാണുന്ന അഞ്ചാം ക്ളാസുകാരിയോട് നല്ല കാമം തോന്നുന്നുണ്ട്.പറഞ്ഞറിയിക്കാനാവാത്ത സ്നേഹവും.ഞാനവൾക്കു എല്ലാ ദിവസവും മഞ്ച് വാങ്ങികൊടുക്കുന്നു.അവൾക്കെന്നോടുള്ള പ്രേമവും ഞാൻ അസ്വദിക്കുന്നു. ഇതൊക്കെ വളരെ സ്വാഭാവികമാണ്.’
ഇന്നും ഓർക്കുമ്പോൾ സിരകളിൽ രക്തം തിളയ്ക്കുന്ന,നുരഞ്ഞു പൊന്തുന്ന വെറുപ്പിന്റെയും അറപ്പിന്റെയും മനംപിരട്ടുന്ന മുഖവും വാക്കുകളുമാണിവ. ഈ അറപ്പുളവാക്കുന്ന വാക്കുകൾ സമൂഹമാധ്യമത്തിൽ അഭിമാനത്തോടെ പങ്കുവച്ച ഫർഹാദ് എന്ന ചെറുപ്പക്കാരൻ മലയാളിയായിരുന്നു.ഈ മനോവൈകല്യമുള്ള കമന്റിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച പെൺകുട്ടിയും മലയാളിയായിരുന്നു.ഇരുവരും വിപ്ലവം നെഞ്ചിലേറ്റിയ യുവത്വങ്ങളായിരുന്നു.ഇത് ഇപ്പോൾ എന്തിനിവിടെ വീണ്ടും എഴുതണം എന്ന് നിങ്ങളിൽ പലരും നെറ്റിചുളിക്കുന്നുണ്ടാവും.കാരണമുണ്ട്! എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ പീഡനത്തെത്തുടർന്നു മരണപ്പെട്ട കേസിൽ തെളിവില്ലെന്ന് പറഞ്ഞു നാലുപേരെ ഇന്നലെ പോക്സോകോടതി വെറുതെവിട്ടതും ഇതേ കേരളത്തിലായിരുന്നു.അതും വിപ്ലവസിംഹങ്ങളെന്നവകാശപ്പെടുന്നവർ ഭരിക്കുന്ന, ഇരട്ടചങ്കുള്ള സഖാവ് ആഭൃന്തരം കയ്യാളുന്ന ഈ പ്രബുദ്ധ കേരളത്തിൽ.ഇതേ സർക്കാരിന്റെ കാലത്താണ് രണ്ടു മരണങ്ങളും നടക്കുന്നത്: 2017
ജനുവരിയിലും മാർച്ചിലുമായി.ഇതേ ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പോലീസിന്റെ നിഷ്ക്രിയത്വമാണ് തെളിവുകളില്ലാതെയാക്കിയത്.പീഡോഫീലുകൾക്ക് യഥേഷ്ടം തങ്ങളുടെ മനോവൈകല്യം തുറന്നുകാട്ടാൻ ധൈര്യം തോന്നും വിധം അഭിപ്രായസ്വാതന്ത്ര്യം വേണമെന്നും ആ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളിൽ നിന്നുക്കൊണ്ട് നവോത്ഥാനത്തിന്റെ പേരും പറഞ്ഞുക്കൊണ്ട് സകല പേക്കൂത്തുകളും നടത്താൻ അവകാശം നല്കുന്നൊരു സർക്കാരുമുണ്ടെങ്കിൽ ഇവിടെ ബാലപീഡനവും പോക്സോക്കേസുകളും നിത്യസംഭവമായില്ലെങ്കിലേ അത്ഭുതമുള്ളൂ!
2017 ൽ പാലക്കാട് വാളയാറിൽ പതിനൊന്നും എട്ടും വയസ്സുള്ള സഹോദരിമാരായ ബാലികമാർ കൊല്ലപ്പെട്ട വാർത്ത നമ്മൾ കേട്ടത് ഞെട്ടലോടെയായിരുന്നു. രണ്ടു കുട്ടികളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി എഴുതിയിരുന്നു ഇരുവരും പലവട്ടം ക്രൂരമായ ലൈംഗിക -പ്രകൃതി വിരുദ്ധ പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന്.2017 ജനുവരി പന്ത്രണ്ടിനാണ് വാളയാര്‍ അട്ടപ്പള്ളത്ത് ഭാഗ്യവതിയുടെ മൂത്തമകള്‍ ഹൃതികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ബന്ധു ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് മകള്‍ പറഞ്ഞിരുന്നെന്നും, സംശയാസ്‌പദമായ സാഹചര്യത്തില്‍ രണ്ട് പേരെ വീടിനടുത്ത് സമീപത്തു കണ്ടെന്നും കുട്ടിയുടെ അമ്മയും അനിയത്തിയും അന്ന് പോലീസിനു മൊഴി നല്‍കിയിരുന്നു. അന്ന് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ അവഗണിച്ച ലോക്കൽ പോലീസ് ആ കേസ് വെറുമൊരു ആത്മഹത്യയില്‍ ഒതുക്കി. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ച തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാര്‍, ഇക്കാര്യത്തില്‍ പോലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു.അന്ന് ഹൃത്തികയുടെ മരണം ജില്ലയിലെ ശിശുക്ഷേമ സമിതി അധികൃതര്‍ അറിഞ്ഞതു പോലുമുണ്ടായിരുന്നില്ല.
ഹൃതികയുടെ മരണത്തിലെ നിര്‍ണായക സാക്ഷിയായ ബാലികയായിരുന്നു ഹൃതിക മരിച്ച് കൃത്യം 52 ദിവസങ്ങള്‍ക്ക് ശേഷം ഇതേ സാഹചര്യത്തില്‍ മരിച്ച ശരണ്യയെന്ന അനിയത്തി.ഇതോടെ വൻ വിവാദമായ കേസിൽ കുട്ടികളുടെ ബന്ധു അടക്കം നാലു പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ തെളിവുകളുടെ അഭാവത്തിലാണ് ഈ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്.ഏത് തെളിവുകൾ?ഹൃതികയെന്ന പെണ്‍കുട്ടിയുടെ മലദ്വാരത്തില്‍ ഉണ്ടായ ഗുരുതര മുറിവുകളുടെ ചിത്ര സഹിതമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക്ക് സര്‍ജന്‍ അന്ന് തയ്യറാക്കിയത്. കുട്ടി പീഡനത്തിന് ഇരയായി എന്നതിനു ഇതില്‍പരം മറ്റെന്ത് തെളിവാണ് വേണ്ടിയിരുന്നത്.പോലീസ്അന്വേഷണത്തിലെ വീഴ്ച്ച മൂലം പല തെളിവുകളും കണ്ടെത്താനായില്ല. കൃത്യമായ സാക്ഷിമൊഴികളും ഉണ്ടാവാത്തതിനാലാണ് പ്രതികളെ വെറുതെ വിട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ നമ്പറടക്കം കോടതിയില്‍ പൊലീസ് മാറി നല്‍കിയ സംഭവവും ഉണ്ടായിരുന്നു. ഒമ്പതു വയസുകാരിക്ക് ഒറ്റക്ക് തുങ്ങിമരിക്കാന്‍ കഴിയാത്ത രൂപത്തിലാണ് മൃതദേഹം കാണപെട്ടതെന്നും അതിനാല്‍ കൊലപാതക സാധ്യതകള്‍ പരിശോധിക്കണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിഗമനം.
കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വര്‍ധിക്കുന്നതായാണ് പോലീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയോടെ പരിശോധിക്കേണ്ട വിഷയമാണെങ്കിലും നിരാശാജനകമായ കാര്യം ബാലപീഡകര്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന പോക്‌സോ കേസുകളിലെ പ്രതികളില്‍ 20 ശതമാനം പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. ലൈംഗികപീഡന കേസുകളുടെ കാര്യത്തിലാണെങ്കില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് ശിക്ഷ. സാധാരണ കുറ്റവാളികളില്‍ 75 ശതമാനം പ്രതികള്‍ക്കും ശിക്ഷ ലഭിക്കുന്ന സംസ്ഥാനത്താണ് ഇത്.അത് എന്തു കൊണ്ടാണ്? ഉത്തരം വ്യക്തമാണ്.! പോക്സോ കേസുകളിൽ പലപ്പോഴും പ്രതിയാക്കപ്പെടുന്നവർക്ക് ഉള്ള രാഷ്ട്രീയസ്വാധീനം.ഒപ്പം നിയമപാലകന്മാരുടെ നിഷ്ക്രിയമായ ഇടപെടലുകളും മാത്രമാണ്.
പീഡോഫീലിയ മാനസിക അസുഖമാണെന്നും അവർക്കു ശിക്ഷ നൽകരുത് , പകരം മാനസിക ചികിത്സ നൽകണം എന്ന വാദവുമായി പല മനുഷ്യ സ്നേഹികളും ഫർഹാദിനെ ന്യായീകരിക്കാൻ വന്നിരുന്നു.മാനസിക വിദഗ്ധരുടെ അഭിപ്രയത്തിൽ മിക്ക പീഡിയോഫൈലുകളും തങ്ങളുടെ കാമം മനസ്സിൽ അടക്കി നിർത്തുന്നത്, അതായതു പീഡനം ചെയ്യാൻ മടിക്കുന്നത് അതിനു ലഭിച്ചേക്കാവുന്ന ശിക്ഷ മൂലവും സമൂഹത്തിൽ നിന്നും ലഭിച്ചേക്കാവുന്ന പ്രതികരണങ്ങളെ പേടിച്ചുമാണ്.അടിയിലൊതുങ്ങാത്ത ഒടിയില്ലെന്ന നാടൻ ചൊല്ല് പോലെ ഇവറ്റകൾക്ക് അർഹമായ ശിക്ഷയാണ് നമ്മൾ നല്കേണ്ടത്.അല്ലാതെ സിംപതിയിൽ പൊതിഞ്ഞ ഉപദേശങ്ങളോ കൈയ്യടികളോ അല്ല. ചുവപ്പിന്റെ തുടുപ്പുള്ള അക്ഷരങ്ങളെ കൂട്ടുപ്പിടിച്ച് സമൂഹത്തിലെ സദാചാരചട്ടങ്ങളെ മാറ്റുവാൻ വേണ്ടി തുറന്നുകാട്ടൽ സമരങ്ങൾക്കു ചുക്കാൻ പിടിച്ച സ്ത്രീരത്നത്തെയും ഭർത്താവിനെയും ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ അറസ്റ്റ് ചെയ്തതും ഇതേ കേസിനു തന്നെയായിരുന്നു.ഇത്തരക്കാർക്ക് സമൂഹത്തിൽ വളർന്നുപടരാൻ വേണ്ട മണ്ണും വളവും നല്കുന്നതും രാഷ്ട്രീയത്തിന്റെ കൊടിക്കൂറ തന്നെയല്ലേ?ഇതര രാഷ്ട്രീയക്കാരെ താറടിച്ച് നാല് പോസ്റ്റിടുമ്പോൾ ലൈക്കും കമന്റും വാരിയെറിഞ്ഞ് സെലിബ്രിട്ടികളാക്കുമ്പോൾ നമ്മൾ രാഷ്ട്രീയലാഭം മാത്രമേ കാണുന്നുള്ളൂ.
ചിക്കനും, മട്ടനും, ബിരിയാണിയും ഒരുക്കി പീഡിയോഫീലുകളെ സൽക്കരിച്ചു പീഡിപ്പിക്കാൻ ഊർജ്ജം നൽകുന്ന ജയിലുകളോ, നിയമങ്ങളോ അല്ല നമുക്കാവശ്യം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ചു കുറ്റകൃത്യം ചെയ്യാനുള്ള ഭയം ജനിപ്പിച്ചു സമൂഹത്തിൽ സുരക്ഷതിത്വം സൃഷ്ടിക്കുക എന്നതാണ് ജുഡീഷ്യറിയുടെ പ്രധാനം ധർമം. അത് ശരിയാം വണ്ണം നടപ്പിലാക്കുന്നതിൽ നീതിന്യായ വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ ഹൃതികമാരും ശരണ്യമാരും ഇനിയും കൺമുന്നിൽ ജീവനില്ലാതെ തൂങ്ങിയാടും.ഒപ്പം രാഷ്ട്രീയലാഭം മാത്രം നോക്കി ഹർഹാദിനും പ്ലേഗേൾസിനുമൊക്കെ പിന്തുണ നിർലോഭം നല്കുമ്പോൾ നമ്മളറിയുന്നില്ല,കേൾക്കുന്നില്ല ചുറ്റുവട്ടങ്ങളിലെവിടെയോ ഞെരിഞ്ഞമരുന്ന കുഞ്ഞുതേങ്ങലുകൾ! പിച്ചിച്ചീന്തിയെറിയപ്പെടുന്ന കുഞ്ഞുമേനികൾ! ഇത് എഴുതുമ്പോൾ കരളുരുകുന്നുണ്ട് എന്റെ മുന്നിലിരുന്നു നിഷ്കളങ്കമായി ചിരിക്കുന്ന കുഞ്ഞുപൂവിനെ കാണുമ്പോൾ!ഈ ദൈവത്തിന്റെ നാട്ടിൽ ഏത് ചിറകിൻ കീഴിലാണ് ഞാനവളെ ഒളിക്കേണ്ടത്?
Post Your Comments