തൃശ്ശൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. വിരമിച്ച ഡി.ജി.പി. ടി.പി. സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറിയിലാണ് ചേകന്നൂര്‍ മൗലവി തിരോധാനക്കേസിലെ ആദ്യ അന്വേഷണ സംഘത്തിനെതിരേ രൂക്ഷ പരാമര്‍ശം ഉയര്‍ത്തിയിരിക്കുന്നത്. . ‘എന്റെ പോലീസ് ജീവിതം’ എന്ന സര്‍വീസ് സ്റ്റോറിയില്‍ 1993 കാലത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വധവുമായി ബന്ധപ്പെട്ട് വിവരിക്കുന്നയിടത്താണ് ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തെപ്പറ്റി പറയുന്നത്.
പറയുന്നത് ഇങ്ങനെ: ‘ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് രണ്ട് സുന്നി വിഭാഗങ്ങള്‍ തമ്മില്‍ പള്ളികള്‍ പിടിച്ചെടുക്കാനുള്ള തര്‍ക്കത്തില്‍ ഒരു വിഭാഗം സുന്നി ടൈഗേഴ്‌സിനു രൂപം നല്‍കുന്നതും അത് കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ എന്നപേരില്‍ മതതീവ്രവാദ ഗ്രൂപ്പായി മാറുന്നതും കണ്ടുപിടിച്ചത്.
കേസന്വേഷണത്തിനിടയില്‍, ചേകന്നൂര്‍ മൗലവിയെ കൊലപ്പെടുത്തിയതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അത് അന്ന് ക്രൈംബ്രാഞ്ച് ഐ.ജി. ആയിരുന്ന സിബി മാത്യൂസ് വഴി സി.ബി.െഎ.ക്കു കൈമാറുകയും ചെയ്തു. ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച വാഹനവും ഈ കൊലക്കേസുകളില്‍ പൊതുവെ കാണപ്പെട്ട വാഹനവും നീലനിറത്തിലുള്ള ജീപ്പായിരുന്നു. സി.ബി.െഎ.ക്കും ചേകന്നൂര്‍ മൗലവിയുടെ ശരീരം കണ്ടെത്താനായില്ല.
ആ ശരീരം കണ്ടെത്താന്‍ പറ്റാത്തവിധം ആക്കുന്നതിനുള്ള വിദ്യകളായിരുന്നുവത്രേ ആദ്യ അന്വേഷണം നടത്തിയ ചില ഉദ്യോഗസ്ഥര്‍ ഉപദേശം നല്‍കിയത്.’
തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ നാലു യുവാക്കളുടെ മോചനത്തിനു വഴിതെളിച്ചത് ടി.പി. സെന്‍കുമാര്‍ നടത്തിയ അന്വേഷണമാണ്.
തീവ്രവാദ സംഘടനയായ ജം ഇയ്യത്തുല്‍ ഇഹ്‌സാനിയയാണ് സുനില്‍ വധത്തിനുപിന്നിലെന്നു കണ്ടെത്തിയത് ഈ അന്വേഷണത്തിലാണ്.
Post Your Comments