ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ ഇത്തവണ പടക്കങ്ങള്‍ ഇല്ലാതെ ദീപാവലി ആഘോഷം. ഇതിന്റെ ഭാഗമായി 26 മുതല്‍ നാലു ദിവസത്തെ ലേസര്‍ ഷോയാണ് ഒരുക്കിയിട്ടുള്ളത്. അന്തരീക്ഷ മലിനീകരണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ പടക്കങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ദീപാവലി ആഘോഷത്തിനു പിന്നാലെ അന്തരീക്ഷ വായു ഏറ്റവും മോശമായ ലോകനഗരമെന്ന കുപ്രസിദ്ധി ഡല്‍ഹി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നഗരം ദീപാവലി ആഘോഷിച്ച ഒക്ടോബര്‍ 11നു നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്-എക്യുഐ) 980 എന്ന നിലയിലെത്തിയിരുന്നു.
കൊണാട്ട് പ്ലേസില്‍ വൈകിട്ട് ആറു മുതല്‍ 10 വരെയാണു ലേസര്‍ ഷോ അരങ്ങേറുക. ഡല്‍ഹി നിവാസികളുടെ കൂട്ടായ്മയുടെ അടയാളമായി ആഘോഷം മാറുമെന്നു കേജ്‌രിവാള്‍ പറഞ്ഞു. ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ അന്തരീക്ഷ വായുനില മോശമാകുന്നതു പതിവാണ്. കഴിഞ്ഞ വര്‍ഷം പടക്കങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും അനധികൃത വില്‍പന രൂക്ഷമായിരുന്നു.>
വീടുകളിലെ ആഘോഷങ്ങള്‍ ഒഴിവാക്കി പൊതു ഇടങ്ങളിലെ കൂട്ടായ്മ ആഘോഷങ്ങള്‍ ഒരുക്കുകയാണു ലക്ഷ്യമെന്നു കേജ്‌രിവാള്‍ പറഞ്ഞു. ഇത്തവണത്തെ ആഘോഷം വിജയകരമായാല്‍ അടുത്ത വര്‍ഷം വലിയ തോതില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ലേസര്‍ ഷോ ഒരുക്കാനാണു പദ്ധതി.
Post Your Comments