ന്യൂഡല്‍ഹി: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും പലര്‍ക്കും അത് പാലിക്കാന്‍ മടിയാണ്. നമ്മുടെ സുരക്ഷയ്ക്കായുള്ള നിയമങ്ങളാണെങ്കിലും മറ്റാര്‍ക്കോ വേണ്ടി ചെയ്യുന്നത് പോലെയാണ് പലരുടെയും പെരുമാറ്റം. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നാണ് നിയമം. പക്ഷെ പലരും അത് പാലിക്കാറില്ല. എന്നാല്‍ ട്രാഫിക് നിയമമൊക്കെ കര്‍ശനമായി പാലിച്ച് യാത്ര ചെയ്യുന്ന ഒരാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കക്ഷി ഒരു നായയാണ്. ഹെല്‍മെറ്റ് ധരിച്ച് ഉടമയോടൊപ്പം ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഏറെക്കാലമായി ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നുണ്ടെങ്കിലും വീണ്ടും വൈറലാവുകയായിരുന്നു.
ALSO READ: ട്രക്കിങ്ങിനിടെ മലയിടുക്കില്‍ നിന്നും നദിയിലേക്ക് വീണു; യുവാവിന് രക്ഷയായത് ആപ്പിള്‍ വാച്ച്
ഉടമയുടെ ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന് കൂളായി ചുറ്റുമുള്ള കാഴ്ചകള്‍ കണ്ട് രസിച്ചാണ് ഈ വളര്‍ത്തുനായയുടെ യാത്ര. ഡല്‍ഹിയിലെ തിരക്കേറിയ നഗരത്തിലൂടെയാണ് നായയുടെ യാത്ര. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചിത്രം പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഡല്‍ഹി ട്രാഫിക് പോലീസിനെയും ടാഗ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രം പകര്‍ത്തിയത് ആരാണെന്ന കാര്യം വ്യക്തമല്ല. എന്തായാലും ഈ മിടുക്കന്‍ നായയിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരമാണ്.
Leave a Comment