Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Festivals

ദീപാവലി എന്ന പ്രകാശത്തിന്റെ ഉത്സവം

ദീപാവലി എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ നിറയുന്നത് പ്രകാശപൂരിതമായ അന്തരീക്ഷമാണ്. മണ്‍ചിരാതുകള്‍ പ്രഭചരിയുന്ന, പരസ്പരം മധുരം പങ്കുവെക്കുന്ന ആഘോഷം. അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക്… ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നില്‍ ഐതിഹ്യങ്ങള്‍ ഏറെയുണ്ട്. മനുഷ്യ മനസില്‍ സ്ഥിതിചെയ്യുന്ന ആസുരികതയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.

ദീപാവലിക്ക് ഏറെ ഐതിഹ്യങ്ങള്‍ ഉണ്ട്. പ്രാദേശിക ഭേതമനുസരിച്ച് അത് വ്യത്യസ്തമായിരിക്കും. ഉത്തരേന്ത്യയില്‍ അഞ്ചുദിവസം നീളുന്ന ദീപാവലി ആഘോഷങ്ങളാണ് നടക്കുന്നതെങ്കില്‍ പ്രധാനമായും അഞ്ച് ദിവസങ്ങള്‍ മാത്രമാണ് ദക്ഷിണേന്ത്യയിലെ ദീപാവലി ആഘോഷങ്ങള്‍. ഈ അഞ്ച് നാളുകള്‍ക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്.

മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്റെ ദിനമായാണ് ഒന്നാമത്തെ ദിനമായ ധനത്രയോദശി അറിയപ്പെടുന്നത്. ഹിമ എന്ന രാജാവിന്റെ പുത്രനെ മരണവിധിയില്‍ നിന്നും അദ്ദേഹത്തെ ഭാര്യ രക്ഷപ്പെടുത്തിയ ദിനമാണ് ഇത്. ജാതകപ്രകാരം രാജകുമാരന്‍ വിവാഹത്തിന്റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നായിരുന്നു വിധി. രാജുകുമാരന്റെ വിവാഹത്തിന്റെ നാലാം രാത്രിയില്‍ അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്‍ മുഴുവന്‍ വിളക്കുകള്‍ കൊളുത്തി. ആഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം വീട്ടിലെ വാതിലിനു മുന്നില്‍ നിരത്തി. ഒരു പാമ്പിന്റെ രൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തില്‍ കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. രാജകുമാരിയാകട്ടെ അന്നു രാത്രി മുഴുവന്‍ പാമ്പിനോട് കഥകള്‍ പറഞ്ഞു. കഥകള്‍ കേട്ട് പാമ്പ് പിറ്റേന്ന് തിരിച്ചുപോയെന്നാണ് ഐതിഹ്യം.

ദീപാവലിയുടെ രണ്ടാം ദിനം നരക ചതുര്‍ദശി അഥവാ ചോട്ടി ദിവാളി ദിനമായാണ് ആഘോഷിക്കുന്നത്. കാര്‍ത്തിക മാസത്തിലെ പതിനാലാം ദിവസമാണ് ഇത്. നരകാസുകരനു മേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയ ദിനമാണിത്. നരകാസുരനെ കൊന്ന് വിജയാഘോഷത്തില്‍ അസുരന്റെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി ശരീരം വൃത്തിയാക്കിയെന്നാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മയ്ക്കായി ചോട്ടി ദീവാളി ദിനത്തില്‍ സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്.

മൂന്നാം ദിനമാണ് ലക്ഷ്മിപൂജ നടക്കുന്നത്. ദേവന്മാരും അസുരന്മാരും നടത്തിയ പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി സൃഷ്ടിക്കപ്പെട്ട ദിനമാണ് ഈ ദിവസമെന്നാണ് ഐതിഹ്യം.

പദ്വ അഥവാ വര്‍ഷപ്രതിപാദ ആണ് നാലാമത്തെ ദിനം. ഉത്തരേന്ത്യയില്‍ ഈ ദിവസം ഗോവര്‍ധനപൂജ നടക്കുന്നു. മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്ന ഗോകുലത്തില്‍ ശ്രീകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഇന്ദ്രപൂജ നിര്‍ത്തിവെച്ചു.
ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗോകുലത്തില്‍ അതിശക്തമായ മഴ പെയ്യിച്ചു. എന്നാല്‍ ഗോവര്‍ധന പര്‍വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്‍ ഒരു കുടയായി പിടിച്ച ശ്രീകൃഷ്ണന്‍ ഗോകുലവാസികളെ രക്ഷിച്ചു. അതിന്റെ സ്മരണയ്ക്കായാണ് ഗോവര്‍ധന പൂജ നടക്കുന്നത്.

ഭയദുജ് എന്നാണ് അഞ്ചാമത്തെ ദിവസം അറിപ്പെടുന്നത്. മരണത്തിന്റെ ദേവനായ യമന്‍ തന്റെ സഹോദരിയായ യമിയെ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ നല്‍കിയ ദിനമാണിത്. യമി യമന്റെ നെറ്റിയില്‍ തിലകമര്‍പ്പിച്ച ഈ ദിവസം തന്റെ സഹോദരിയുടെ കൈയില്‍ നിന്നും തിലകമണിയുന്നവര്‍ ഒരിക്കലും മരിക്കില്ലെന്ന് യമന്‍ പ്രഖ്യാപിച്ചു. സഹോദരീസഹോദരന്മാര്‍ക്കിടിയിലെ സ്‌നേഹത്തിന്റെ ഒരു പ്രതീകമെന്ന നിലയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.

shortlink

Post Your Comments


Back to top button