ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് വിഷയത്തിനുശേഷം അടുത്ത തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ വന്നിരിക്കുന്നു. എറണാകുളം ചിലവന്നൂരിലെ തീരദേശ നിയമ ലംഘനങ്ങളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. ചിലവന്നൂരിലെ തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്‌റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്ക് എതിരേയുള്ള ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
ചിലവന്നൂരിലെ തീരദേശ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് 2015ലാണ് കേസെടുത്തത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ ഇരിക്കെയാണ് ഫ്‌ളാറ്റ് നിര്‍മാതാവ് സിറിള്‍ പോള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേസ് റദ്ദാക്കിയത്. ചിലവന്നൂര്‍ സ്വദേശി ആന്റണി എ.വി നല്‍കിയ പരാതിയിലാണ് വിരമിച്ചവരും സര്‍വീസില്‍ ഉള്ളവരുമായ 14 പേരെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസെടുത്തത്.
ALSO READ: പോലീസ് ഉദ്യോഗസ്ഥയോട് ഉന്നത ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവം; നടപടിക്കൊരുങ്ങി വനിതാ കമ്മീഷന്‍
കേരള സംസ്ഥാനത്ത് തീരദേശ നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ വ്യാപകമാണെന്ന് ആന്റണി ഹര്‍ജിയില്‍ ചൂണ്ടികാട്ടി. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കേരള തീരദേശ പരിപാലന അതോറിറ്റി നടത്തിയ പരിശോധനയില്‍ ചിലവന്നൂരിലെ തീരദേശ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ആന്റണിയ്‌ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്‌റ്റിസുമാരായ നവീന്‍ സിന്‍ഹ, ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Post Your Comments