ന്യൂ ഡൽഹി : സമൂഹ മാധ്യമങ്ങളിലെ ദുരുപയോഗം തടയുവാൻ മൂന്ന് മാസത്തിനുള്ളില്‍ നിയമം നിര്‍മ്മിക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്ര ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്നതിനും കൃത്യമായ നിർദേശം നിബന്ധനകളും മാനദണ്ഡങ്ങളും സമർപ്പിക്കാൻ സുപ്രീംകോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
സമൂഹ മാധ്യമങ്ങളെ കുറിച്ച് ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പുതിയ നിയമം നിര്‍മ്മിക്കുക. ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഇൻഫർമേഷൻ ടെക്‌നോളജി ഇന്റർമീഡിയറീസ് മാർഗനിർദ്ദേശ (ഭേദഗതി) ചട്ടങ്ങൾ 2018 ൽ തന്നെ തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായത്തിനുള്ള മുഴുവൻ കരടും 2018 ഡിസംബർ 24 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളും, കുറ്റകൃത്യങ്ങളും തടയണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികളിലാണ് കോടതിയുടെ നിർദേശം. സമൂഹ മാധ്യമങ്ങളില്‍ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള ടെക്നോളജി ഞങ്ങൾക്കില്ലെന്ന് പറഞ്ഞു കയ്യൊഴിയാൻ സാധിക്കില്ല. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്, എങ്കിൽ അത് തടയുന്നതിനും കൃത്യമായ ടെക്നോളജി സംവിധാനങ്ങൾ ഉണ്ടാകണമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.
Post Your Comments