കോഴിക്കോട്: കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിനെതിരെ പ്രതികരിച്ചതിന് സര്‍ക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കുറ്റിപ്പുറത്തെ പൊതുമേഖല സ്ഥാനപനമായ മാല്‍കോടെക്സ്(മലബാർ കോപറേറ്റീവ് ടെക്‌സ്‌റ്റൈൽസ്
) മുന്‍ ജീവനക്കാരൻ സഹീര്‍ കാലടി. തൊഴില്‍ പീഡനത്തെ തുടര്‍ന്ന് ജോലിരാജി വെച്ചതിനു ശേഷവും ആനുകൂല്യങ്ങള്‍ അടക്കമുള്ളവ നല്‍കുന്നില്ലെന്നും, ഗ്രാറ്റിവിറ്റി, ശമ്പള അരിയര്‍, ലീവ് എന്‍കാഷ്മെന്റ്, ഇ.പി.എഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ച് പ്രതികാര നടപടികള്‍ തുടരുകയാണെന്നും പരാതിയിൽ പറയുന്നു.
മാല്‍കോടെക്‌സില്‍ ഫിനാസ് മാനേജറായി ജോലി ചെയ്യുന്നതിനിടെ ഡപ്പ്യൂട്ടേഷനില്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ നൽകിയിരുന്നു. യോഗ്യതകളുണ്ടായിട്ടും സഹീര്‍ അടക്കം മറ്റു ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവായ കെ.ടി അദീബിനാണു സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമനം നൽകിയത്. സംഭവം വിവാദമായതോടെ സോഷ്യല്‍ മീഡിയയിലൂടെ സഹീര്‍ കാലടി പ്രതികരിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ കെ ടി അദീബിന്റെ നിയമനം റദ്ദാക്കി. ഇതിനു ശേഷം വലിയ തൊഴില്‍ പീഡനം അനുഭവിക്കേണ്ടി വന്നുവെന്നും, മന്ത്രി കെ ടി ജലീലിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം നിരവധി തവണ പരാതി നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിനാൽ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സഹീര്‍ കാലടി.
Post Your Comments