ന്യൂഡൽഹി: കുട്ടികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നിയമപോരാട്ടം നടത്തുന്ന അച്ഛനമ്മമാരിൽ ഒരാളുടെയും സ്നേഹം കുട്ടികൾക്കു നഷ്ടപ്പെടരുതെന്ന് വ്യക്തമാക്കി സുപ്രീംകോടതി. മാതാപിതാക്കൾക്ക് കുട്ടിയെ കാണാനുള്ള അനുമതി നൽകുമ്പോൾ ഈ അവകാശം നിഷേധിക്കപ്പെടാതിരിക്കാൻ കുടുംബകോടതികൾ ശ്രദ്ധിക്കണമെന്നും ഇരുവരുടെയും വാത്സല്യം അനുഭവിക്കാൻ അവർക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അമ്മയോടൊപ്പം കുട്ടിയെ വിട്ടയച്ച കുടുംബ കോടതി ഉത്തരവ് ശരിവച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ അച്ഛൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.
അപേക്ഷ പരിഗണിക്കുമ്പോൾ കുട്ടിയുടെ താത്പര്യത്തിനായിരിക്കണം പ്രധാന്യം നൽകേണ്ടത്. കുട്ടിക്ക് അച്ഛനെ അറിയാനും സ്നേഹം അനുഭവിക്കാനും അവസരം നൽകുന്ന തരത്തിൽ സമയം അനുവദിക്കണം. അവധിക്കാലങ്ങളിൽ കുട്ടിയെ സന്ദർശിക്കാനോ, താത്കാലികമായി ഒപ്പം വിടാനോ ഉള്ള സൗകര്യങ്ങൾ കുടുംബകോടതി ഒരുക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
Post Your Comments