Latest NewsNewsInternational

മദ്യപിച്ചെന്ന് പോലീസും ഡോക്ടര്‍മാരും, രക്തപരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം; ഒടുവില്‍ കണ്ടെത്തിയത് അപൂര്‍വ്വ രോഗം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കെല്ലാം അറിയാം. മദ്യപാനം മൂലം ഉണ്ടാകുന്ന രോഗങ്ങളും വരുത്തിവെക്കുന്ന അപകടങ്ങളും ചെറുതല്ല. അപ്പോള്‍ പിന്നെ ശരീരത്തില്‍ ബിയര്‍ ഉല്‍പ്പാദിപ്പിച്ച് തുടങ്ങിയാലോ? ഞെട്ടേണ്ട. ന്യൂയോര്‍ക്ക് സ്വദേശിയായ ഒരു യുവാവ് വര്‍ഷങ്ങളായി അത്തരം ഒരു രോഗത്തിന് അടിമയായിരുന്നു. പലപ്പോഴും അമിതമായി മദ്യപിച്ചതിന് അദ്ദേഹം പോലീസ് പിടിയിലായി. താന്‍ മദ്യപിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പോലീസോ ഡോക്ടര്‍മാരോ എന്തിന് സ്വന്തം വീട്ടുകാര്‍ പോലും മനസിലാക്കിയില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലെ ഒരു പൊതുനിരത്തില്‍ വെച്ചാണ് മദ്യപിച്ച് വാഹനമോടിച്ചതിന് നാല്‍പത്തിയൊന്നുകാരനായ ഇദ്ദേഹം അറസ്റ്റിലാകുന്നത്. രക്തപരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിടിയിലായ അദ്ദേഹം താന്‍ മദ്യപിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഈ വാദഗതികളൊന്നും പോലീസോ ഡോക്ടര്‍മാരോ കണക്കിലെടുത്തില്ല. പിന്നീട് ഇത് പതിവായി. പലപ്പോഴും അമിതമായി മദ്യപിച്ചതിന് പോലീസ് പിടിയിലായി. വീട്ടുകാര്‍ പോലും അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ മനസിലാക്കിയില്ല.

പിന്നീട് എപ്പോഴും ക്ഷീണവും തലകറക്കവും അനുഭവപ്പെടുക കൂടി ചെയ്തപ്പോള്‍ അദ്ദേഹം ഒരു ഡോക്ടറെ കണ്ടു. എന്നാല്‍ മദ്യപിച്ചതിനാലാണ് ഇതെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. കടുത്ത മദ്യപാനത്തെ തുടര്‍ന്നുള്ള വിഷാദമാണ് അയാളുടെ പ്രശ്നമെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. പിന്നീടും വര്‍ഷങ്ങള്‍ കഴിഞ്ഞു. അദ്ദേഹം താന്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിയിക്കാനായി നിരന്തരം വീട്ടുകാരുമായും ഡോക്ടര്‍മാരുമായും വഴക്കിട്ടു. 2017ല്‍ വിദഗ്ധരായ ഒരുകൂട്ടം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്തി. ‘ഓട്ടോ ബ്ര്യൂവെറി സിന്‍ഡ്രോം’ (എബിഎസ്) എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗമായിരുന്നു അദ്ദേഹത്തിനുണ്ടായത്. അതായത് ശരീരം സ്വന്തമായി മദ്യം ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥ.

ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാര്‍ബോഹൈഡ്രേറ്റ് കുടലില്‍ വച്ച് രാസവ്യതിയാനത്തിന് വിധേയമായി ആല്‍ക്കഹോളാകുന്ന അവസ്ഥയാണിത്. ഈ ആല്‍ക്കഹോള്‍ രക്തത്തില്‍ കലരുകയും മദ്യപിച്ചതിന് തുല്യമായ അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. 2011ല്‍ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം കഴിച്ച മരുന്നുകളാണത്രേ ഇദ്ദേഹത്തിന് പണി നല്‍കിയത്. കുടലില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ അളവില്‍ ഈ മരുന്നുകള്‍ വലിയ മാറ്റമുണ്ടാക്കി. തുടര്‍ന്ന് ഇവ വയറ്റിലെത്തുന്ന കാര്‍ബോഹൈഡ്രേറ്റിനെ ആല്‍ക്കഹോളാക്കി മാറ്റുകയായിരുന്നു. കാര്‍ബോഹൈഡ്രേറ്റടങ്ങിയ എന്ത് കഴിച്ചാലും വൈകാതെ ബിയര്‍ കുടിച്ച പ്രതീതി ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം ഇത്തരമൊരു രോഗാവസ്ഥയിലായത് കാരണം അനാരോഗ്യവും ഓര്‍മ്മക്കുറവുമെല്ലാം അദ്ദേഹത്തിനുണ്ടായി.

കുടലിലെ സൂക്ഷമാണുക്കളുടെ അളവ് കൃത്യമാക്കാനും, ഫംഗസിനെ ഒഴിവാക്കാനുമെല്ലാമുള്ള ചികിത്സ ഡോക്ടര്‍മാര്‍ ആരംഭിച്ചു. ഇതിനോടൊപ്പം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം നിയന്ത്രിച്ചു. രണ്ടുവര്‍ഷത്തെ ഈ പരിശ്രമം ഇപ്പോള്‍ ഏറെക്കുറെ വിജയം കണ്ടിരിക്കുന്നുവെന്നാണ് ന്യൂയോര്‍ക്കിലെ ‘റിച്ച്മണ്ട് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററി’ലെ ഉദരരോഗ വിദഗ്ധര്‍ അവകാശപ്പെടുന്നത്. സാധാരണ നമ്മുടെയെല്ലാം കുടലില്‍ കാണപ്പെടുന്ന ഫംഗസ് തന്നെയാണിതെങ്കിലും അദ്ദേഹത്തിന്റെയുള്ളില്‍ അവ ക്രമാതീതമായി വര്‍ധിച്ചതാണ് പ്രശ്‌നത്തിനിടയാക്കിയത്. കുടലുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില അസുഖങ്ങളുടെ ഭാഗമായാണ് ഇത് കാണപ്പെടാറെന്നും എന്നാല്‍ ഈ കേസില്‍ മരുന്നുകളാണ് ഇദ്ദേഹത്തില്‍ ഈ അവസ്ഥയുണ്ടാക്കിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ലോകത്താകെയും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അഞ്ച് കേസുകള്‍ മാത്രമാണെന്നും ഈ കേസ് പഠനത്തിനായി എടുക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും റിച്ച്മണ്ട് യൂണിവേഴ്സിറ്റിയിലെ ഗ്യാസട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ഫഹദ് മാലിക് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button