എറണാകുളം: കനത്ത മഴയില്‍ മുങ്ങി എറണാകുളത്തെ തെരഞ്ഞെടുപ്പ്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് അതിശക്തമായ മഴ പെയ്യുന്നതിനാല്‍ മണ്ഡലത്തിലെ ബൂത്തുകള്‍ അടക്കം വെള്ളത്തിലായി. ഇതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ക്ക് നടന്നെത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കോരിച്ചൊരിയുന്ന മഴയില്‍ നഗരത്തിലെ പ്രധാന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിലാണ്. പലസ്ഥലങ്ങളിലും വീടുകളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിക്കേണ്ട അവസ്ഥയാണ്.
കനത്തമഴയെ അവഗണിച്ച് പോളിംഗ് ബൂത്തിലേക്കെത്താനുള്ള ശ്രമം വോട്ടര്‍മാര്‍ നടത്തുന്നുണ്ടെങ്കിലും മഴ തുടരുന്നത് വെല്ലുവിളി ഉയര്‍ത്തുന്നു. അതേസമയം കനത്ത മഴ പോളിംഗ് ശതമാനത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. അരയൊപ്പം വെള്ളത്തില്‍ വോട്ടര്‍മാര്‍ ബൂത്തിലേക്കെത്തുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വോട്ടിംഗ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴും വെറും 3 ശതമാനം പോളിംഗ് മാത്രമാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലടക്കം വെള്ളം കയറിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പോളിംഗ് നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും എറണാകുളം കളക്ടര്‍ എസ് സുഹാസ് അറിയിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന ഭാഗങ്ങളായ എംജി റോഡ്, സൗത്ത് , കലൂര്‍, കടവന്ത്ര ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. മഴ കനത്തതിനെ തുടര്‍ന്ന് ആറ് ബൂത്തുകള്‍ ഇതിനോടകം മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മഴ വോട്ടിങ്ങിനെ സാരമായി ബാധിക്കുന്ന കാഴ്ചയാണ് എറണാകുളത്ത് കണ്ടത്. അയ്യപ്പന്‍ കാവ് പ്രദേശത്തെ ബൂത്തുകളില്‍ വെള്ളം കയറിയതിനാല്‍ പോളിംഗ് നിര്‍ത്തിവെച്ചിരുന്നു.
ALSO READ: തോരാത്ത മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരെടുത്തിരിക്കുന്ന മുന്‍കരുതലുകള്‍ ഇങ്ങനെ
Post Your Comments