ന്യൂഡൽഹി: കടൽ വഴി ഇന്ത്യയിലേയ്ക്ക് ലഷ്കർ ഭീകരർ കടക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. അതേസമയം, തീര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സെൻട്രൽ മറൈൻ പോലീസ് ഫോഴ്‌സ് എന്ന സായുധ സേന രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അന്തിമ നിർദ്ദേശം അടുത്ത മാസം ആദ്യം മന്ത്രിസഭയ്ക്ക് അംഗീകാരത്തിനായി അയക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
13 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ബന്ധിപ്പിക്കും വിധത്തിൽ 7,516 കിലോമീറ്റർ വിസ്തൃതിയുള്ള തീരപ്രദേശമാണ് ഇന്ത്യയിലുള്ളത്. 1,197 ദ്വീപുകളും ഇവിടെയുണ്ട്. പാകിസ്ഥാനിൽ നിന്നും ഭീകരർ കടൽമാർഗ്ഗം ഇന്ത്യയിലെത്താൻ തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടിനു പിന്നാലെയാണ് മറൈൻ പോലീസ് ഫോഴ്‌സ് രൂപീകരിക്കാനുള്ള നീക്കം വേഗത്തിലാക്കിയത്. 2016 മദ്ധ്യത്തോടെയാണ് സെൻട്രൽ മറൈൻ പോലീസ് സേനയെ രൂപീകരിക്കാനുള്ള നിർദ്ദേശം ഉണ്ടായത്. രാജീവ് ഗൗബ ആഭ്യന്തര സെക്രട്ടറിയായിരുന്ന കാലത്താണ് ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങി വച്ചത്.
ALSO READ: ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്
സേനയുടെ പൂർണ്ണ ചുമതല ഡയറക്ടർ ജനറൽ റാങ്കിലുള്ള ഓഫീസർക്കായിരിക്കും. മറ്റ് കേന്ദ്ര സായുധ സേനയിൽ നിന്ന് വ്യത്യസ്തമായി, സെൻട്രൽ മറൈൻ പോലീസ് സേനയ്ക്ക് സ്വന്തമായി കേഡർ, നിയമങ്ങൾ, മാനുവൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. കാർഗോ ഷിപ്പുകൾക്കു ഓയിൽ ടാങ്കറുകൾക്കും നേരേ ആക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനെ ചെറുത്ത് തീരമേഖല സുരക്ഷിതമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
Post Your Comments